10 വയസ്സുകാരിയെ പീഡിപ്പിച്ച കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ്

Update: 2024-05-28 16:24 GMT

കോട്ടയം: 10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ്. കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരില്‍ വീട്ടില്‍ പി പി മോഹനനെ(51)യാണ് ഈരാറ്റുപേട്ട അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ 2.75 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും ജഡ്ജി റോഷന്‍ തോമസ് വിധിച്ചു. പിഴ തുകയില്‍ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവിട്ടുണ്ട്. പോക്‌സോ നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 സപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയം പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന ഷൈന്‍ കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.

Tags: