മോദിയും ട്രംപും ഫോണില്‍ സംസാരിച്ചു; പാകിസ്താന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി, സംഭാഷണം 30 മിനിറ്റ് നീണ്ടു

മേഖലയിലെ ചില നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം കൊണ്ടുവരുന്നതിന് എതിരാണെന്ന് 30 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിന് ഇടയില്‍ ട്രംപിനോട് മോദി പറഞ്ഞു.

Update: 2019-08-19 19:13 GMT

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണ്‍ സംഭാഷണം നടത്തി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണിത്.മേഖലയിലെ ചില നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം കൊണ്ടുവരുന്നതിന് എതിരാണെന്ന് 30 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിന് ഇടയില്‍ ട്രംപിനോട് മോദി പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുമുണ്ടാവുന്നതിനെ ചൂണ്ടിയായിരുന്നു മോദിയുടെ വാക്കുകള്‍. ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അതിര്‍ത്തി കടന്നുള്ള സായുധ പ്രവര്‍ത്തനത്തിലും ഭികരവാദത്തെ തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകതയിലുമൂന്നിയായിരുന്നു മോദി സംസാരിച്ചത്.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ത്യഅമേരിക്ക പ്രതിനിധികളുടെ ചര്‍ച്ച നടത്താനും തിരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. കശ്മീരിന് മേലുള്ള പ്രത്യേക പദവി നീക്കം ചെയ്ത്, കശ്മീരില്‍ വികസനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കത്തിന് കഴിഞ്ഞ ദിവസം യുഎസ് രക്ഷാസമിതി പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപുമായുള്ള സംഭാഷണം വരുന്നത് എന്നതും ശ്രദ്ധേയമാണ്. ജൂണില്‍ ഒസാകയില്‍ നടന്ന ജി20 സമ്മേളനത്തിന്റെ ഭാഗമായി ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Similar News