ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ടോക്കിയോവിലേക്ക്; വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും

സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാന്‍, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. വിദേശ സന്ദര്‍ശനത്തിനായി മോദി 23ന് പുറപ്പെടും.

Update: 2022-05-22 01:07 GMT

ന്യൂഡല്‍ഹി: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാന്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാന്‍, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. വിദേശ സന്ദര്‍ശനത്തിനായി മോദി 23ന് പുറപ്പെടും.

'ജപ്പാന്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി 23, 24 തിയതികളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജപ്പാനിലേക്ക് പോകും. യുഎസ് പ്രസിഡന്റ്, ജപ്പാന്‍, ആസ്‌ത്രേലിയ പ്രധാനമന്ത്രിമാരുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജാപ്പനീസ് ബിസിനസ് പ്രമുഖരുമായും ചര്‍ച്ച നടത്തും'- വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി വ്യാപാരം, നിക്ഷേപം, ശുദ്ധമായ ഊര്‍ജ്ജം, വടക്കുകിഴക്കന്‍ മേഖലയിലെ സഹകരണം എന്നിവയുള്‍പ്പെടെയുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം ചര്‍ച്ചയാകും.

മോദി-ബൈഡന്‍ ഉഭയകക്ഷി കൂടിക്കാഴ്ചയും 24ന് നടക്കും. വരാനിരിക്കുന്ന ക്വാഡ് ഉച്ചകോടി, ഇന്‍ഡോപസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താല്‍പ്പര്യമുള്ള സമകാലിക ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകള്‍ കൈമാറാന്‍ നേതാക്കള്‍ക്ക് അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

നിര്‍ണായക സാങ്കേതികവിദ്യകള്‍, സൈബര്‍ സുരക്ഷ, വാക്‌സിന്‍ വിതരണം, കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പുരോഗതി ക്വാഡ് ഉച്ചകോടി അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News