വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊതു ഡ്രസ് കോഡ് വേണം: സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണ് ഇതെന്നാണ് ഹര്‍ജിക്കാരനായ നിഖില്‍ ഉപാധ്യായ അവകാശപ്പെടുന്നു.

Update: 2022-02-12 14:55 GMT
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുംപൊതുവായ ഡ്രസ് കോഡ് വേണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണ് ഇതെന്നാണ് ഹര്‍ജിക്കാരനായ നിഖില്‍ ഉപാധ്യായ അവകാശപ്പെടുന്നു.കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീംകോടതി നിര്‍ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.


വെള്ളിയാഴ്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയിരുന്നു. കര്‍ണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണോ എന്നാലോചിക്കണമെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് ഇടപെടുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിഷയത്തില്‍ അടിയന്തര വാദം കേട്ടില്ല.

ഹിജാബ് വിവാദത്തില്‍ അന്തിമ ഉത്തരവ് വരും വരെ മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

Tags: