സിനിമാ തീയറ്ററുകള്‍ ചൊവ്വാഴ്ച്ച മുതല്‍ തുറക്കും

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതല്‍ തുടങ്ങും. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം.

Update: 2021-01-01 13:29 GMT

തിരുവനന്തപുരം: ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കരുതലുകള്‍ എടുത്ത് നിയന്ത്രണങ്ങള്‍ കുറയ്ക്കുകയാണ്. ജനങ്ങളുടെ ഉപജീവനമാര്‍ഗം, മാനസിക, സാമൂഹ്യക്ഷേമവും സംരക്ഷിക്കാനാണ് ഈ ഇളവ്. സിനിമാശാലകള്‍ ജനുവരി 5 മുതല്‍ തുറക്കാം. ഒരു വര്‍ഷമായി തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നു. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേര്‍ പ്രതിസന്ധിയിലാണ്. ഇതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കുന്നത്. പകുതി ടിക്കറ്റുകളേ വില്‍ക്കാവൂ. അത്ര പേരെയെ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ഇല്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. അഞ്ചാം തീയതി തന്നെ അണുവിമുക്തമാക്കണം.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതല്‍ തുടങ്ങും. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം. പോലിസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും അതുറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍ സാംസ്‌കാരികപരിപാടികള്‍ കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി 100, ഔട്ട്‌ഡോറില്‍ പരമാവധി 200 പേരെയും അനുവദിക്കും. 10 മാസത്തിലേറെയായി കലാപരിപാടികള്‍ നടത്താനാകുന്നില്ല. അത് മൂലം കലാകാരന്‍മാര്‍ ബുദ്ധിമുട്ടിലാണ്. ആ ആശങ്ക കണക്കിലെടുത്താണ് ഈ തീരുമാനം.

Tags: