കര്‍ണാടക അതിര്‍ത്തി അടച്ചത് മാര്‍ഗനിര്‍ദേശത്തിന് എതിര്; കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന് എതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്ത നടപടി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Update: 2021-02-22 14:59 GMT

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് പോകുന്ന അതിര്‍ത്തി റോഡുകള്‍ കര്‍ണാടക സര്‍ക്കാര്‍ അടച്ചത് കൊവിഡ് മാര്‍ഗനിര്‍ദേശത്തിന് എതിരാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന് എതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്ത നടപടി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിര്‍ത്തികളില്‍ കണ്ടത്. ഇക്കാര്യം സംസ്ഥാന പോലിസ് മേധാവി കര്‍ണാടക ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഈ നിബന്ധന ഒഴിവാക്കാം എന്നാണ് കര്‍ണാടക ഡിജിപി ഉറപ്പു നല്‍കിയത്. പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതിന് തുടര്‍ന്നും കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടും. അതിനു പുറമെയാണ് പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്താനുള്ള തീരുമാനം.

Tags: