മഥുര ക്ഷേത്രത്തിനു സമീപത്തെ ഷാഹി ഈദ്ഗാഹ് മസ്ജിദ് മാറ്റണമെന്ന ഹരജി; 250 രൂപ പിഴയിട്ട് കോടതി

ഹരജിക്കാരുടെ അഭിഭാഷകന്‍ മഹേന്ദ്ര പ്രതാപ് സിങ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജഡ്ജി പിഴ വിധിച്ചത്.

Update: 2022-03-26 15:17 GMT

മഥുര: മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് മാറ്റണമെന്ന ഹരജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷകര്‍ക്ക് 250 രൂപ പിഴ ചുമത്തി കോടതി. സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) ജ്യോതി സിങാണ് പിഴ ചുമത്തിയത്. ഹരജിക്കാരുടെ അഭിഭാഷകന്‍ മഹേന്ദ്ര പ്രതാപ് സിങ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജഡ്ജി പിഴ വിധിച്ചത്.

വെള്ളിയാഴ്ച കോടതി നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍, മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ തന്‍വീര്‍ അഹമ്മദ് പള്ളിയുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹരജിയിലെ വാദം കേള്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍, അഭിഭാഷകനായ മഹേന്ദ്ര പ്രതാപ് സിങ് മസ്ജിദ് മാറ്റണമെന്ന തന്റെ ഹരജിയില്‍ ആദ്യം തീരുമാനമെടുക്കേണ്ടതുണ്ടെന്നും പരിപാലനത്തെക്കുറിച്ചുള്ള വാദങ്ങള്‍ മാറ്റിവെക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. മാറ്റിവെക്കണമെന്ന രേഖാമൂലമുള്ള അഭ്യര്‍ത്ഥന പരിഗണിച്ച കോടതി, വാദം കേള്‍ക്കുന്നത് ഏപ്രില്‍ 19 ലേക്ക് മാറ്റുകയും ഹരജിക്കാര്‍ക്ക് 250 രൂപ പിഴ ചുമത്തുകയുമായിരുന്നു.

Tags: