ഉള്ളണം ഫിഷറീസ് അഴിമതിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി

2014ല്‍ പ്രഖ്യാപിച്ച ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയില്‍ കോടികളുടെ അഴിമതി തിരിച്ചറിഞ്ഞ കല്‍പ്പുഴ സംരക്ഷണ സമിതി 2016ല്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.

Update: 2021-07-08 13:28 GMT

പരപ്പനങ്ങാടി: വിവാദമായ ഉള്ളണം ഫിഷറീസ് അഴിമതിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. കല്‍പ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹരജി ഫയല്‍ ചെയ്തത്. ഇതില്‍ പരപ്പനാട് ഡവലപ്പ്‌മെന്റ് ഫോറം (പിഡിഎഫും )കക്ഷി ചേര്‍ന്നു.

2014ല്‍ പ്രഖ്യാപിച്ച ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയില്‍ കോടികളുടെ അഴിമതി തിരിച്ചറിഞ്ഞ കല്‍പ്പുഴ സംരക്ഷണ സമിതി 2016ല്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. കാര്യമായ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കല്‍പ്പുഴ സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്.

കേരള സര്‍ക്കാര്‍, വിജിലന്‍സ്, തീരവികസന കോര്‍പറേഷന്‍ തുടങ്ങിയവരെ പ്രതിചേര്‍ത്ത് നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അഭിഭാഷകന്‍ ആന്റണി ലോയഡ് മുഖേനയാണ് ഹരജി ഫയല്‍ ചെയ്തത്.2014ല്‍ പ്രഖ്യാപിച്ച 7.5 കോടിയുടെ ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയില്‍ വന്‍ അഴിമതി നടന്നത് അന്വേഷിച്ചിട്ടും വിജിലന്‍സ് റിപോര്‍ട്ടില്‍ മേല്‍നടപടി സ്വീകരിക്കാത്തത് തേജസ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെയാണ് അഴിമതി വീണ്ടും ചര്‍ച്ചയായത്.

അഴിമതി റിപോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ഹമീദ് പരപ്പനങ്ങാടിക്കെതിരേ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പോലിസ് കേസെടുത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് പുഴ സംരക്ഷണ സമിതി, ഐഎന്‍എല്‍, കോരുപ്പടി യുവജന കൂട്ടായ്മ, സിപിഎം, പിഡിപി, പിഡിഎഫ് എന്നിവര്‍ പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു.

എസ്ഡിപിഐ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് രണ്ട് ഘട്ടം സമരം നടത്തിയിരുന്നു. സമര രംഗത്തുള്ള സംഘടനകളുടെ കൂട്ടായ തീരുമാനപ്രകാരമാണ് പുഴ സംരക്ഷണ സമിതിയുടെ പേരില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. വ്യാപക രാഷ്ട്രീയ ഇടപെടല്‍ കാരണമാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തലത്തില്‍ നടപടി എടുക്കാത്തതെന്ന് വ്യാപക പരാതികള്‍ ഉയന്നിരുന്നു.

തെരുവുകളിലെ സമരങ്ങളില്‍ നിന്ന് ഉള്ളണം ഫിഷറീസ് അഴിമതിക്കെരായിട്ടുള്ള പോരാട്ടം ഇനി കോടതിയിലേക്കും എത്തിയതോടെ അഴിമതിക്കെതിരായിട്ടുള്ള ഒരു നാടിന്റെ ശക്തമായ പ്രതികരണമാണ് ഇനി വരും നാളുകളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയെന്ന് സമര രംഗത്തുള്ള നേതാക്കള്‍ ഒന്നടങ്കം പറയുന്നു.

Tags:    

Similar News