വയനാട് ജില്ലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണം: എസ് ഡിപിഐ

Update: 2023-12-10 13:37 GMT

കല്‍പ്പറ്റ: ജില്ലയില്‍ വന്യമൃഗ ആക്രമണങ്ങളും ജീവഹാനിയും തുടര്‍ക്കഥയാവുന്നത് ആശങ്കാജനകമാണെന്നും വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്നും എസ് ഡിപിഐ വയനാട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി ക്ഷീര കര്‍ഷകനായ മരോട്ടിതറപ്പില്‍ പ്രജീഷ്(36) പശുവിന് പുല്ലുവെട്ടുന്നതിനിടെ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തേ കടുവ ശല്യമുണ്ടായ പ്രദേശമാണിത്. മുമ്പും കന്നുകാലികള്‍ ഇവിടെ ആക്രമിക്കപ്പെടുകയും നാട്ടുകാര്‍ പലതവണ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ആറ് വര്‍ഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന മധ്യപ്രദേശ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള 300 ഏക്കറോളം വിസ്തീര്‍ണമുള്ള ബീനാച്ചി എസ്‌റ്റേറ്റ് കടുവ, പുലി, കാട്ടുപന്നി തുടങ്ങിയവയുടെ താവളമാണെന്ന പരാതി നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. കാല്‍നൂറ്റാണ്ട് മുമ്പ് ജില്ലയിലാദ്യമായി കരിമ്പുലിയെ പിടിച്ചത് ഇവിടെ നിന്നാണ്. ശേഷം പലതവണ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുമുണ്ട്. മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനടക്കം കേരള സര്‍ക്കാര്‍ ബീനാച്ചി എസ്‌റ്റേറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അവഗണിക്കപ്പെടുകയാണുണ്ടായത്.

    ഈ വര്‍ഷം കടുവയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് പ്രജീഷ്. ജനുവരിയില്‍ കടുവയുടെ ആക്രമണത്തില്‍ മാനന്തവാടി പുതുശ്ശേരിയിലെ വെള്ളാനംകുന്ന് കര്‍ഷകനായ പള്ളിപ്പുറത്ത് തോമസ് മരണപ്പെട്ടിരുന്നു. ജില്ലയില്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പിലാക്കാവ്, തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്, പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ, ബത്തേരിയിലെ ഏദന്‍വാലി എസ്‌റ്റേറ്റ്, പാച്ചാടി, ബസവന്‍കൊല്ലി, നൂല്‍പ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന്, മീനങ്ങാടി പഞ്ചായത്തിലെ കൊളഗപ്പാറ എന്നിവിടങ്ങളിലും കടുവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മീനങ്ങാടിയിലെ കൃഷ്ണഗിരി, കൊളഗപ്പാറ, ആവയല്‍ പ്രദേശങ്ങളില്‍ നിന്ന് 21 ആടുകളെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഏഴ് ജീവനുകളാണ് കടുവയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. 30 കൊല്ലത്തിനിടയില്‍ വന്യമൃഗ ആക്രമണങ്ങളില്‍ 116ഓളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വയനാടിനോട് ചേര്‍ന്ന അതിര്‍ത്തി ഗ്രാമമായ കുടകില്‍ കടുവ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇടയ്ക്കിടയ്ക്ക് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങുകയും മനുഷ്യരും വളര്‍ത്തുമൃഗങ്ങളും ആക്രമിക്കപ്പെടുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കയാണ്. ആക്രമണത്തെ തുടര്‍ന്ന് പ്രതിഷേധമുയരുമ്പോള്‍ സജീവമാവുന്ന ജില്ലാ ഭരണകൂടം പിന്നീട് നിഷ്‌ക്രിയമാവുകയാണ് പതിവ്. താല്‍ക്കാലിക നടപടികളല്ല, ശാശ്വത പരിഹാരമാണ് കാണേണ്ടതെന്നും ജില്ലാ സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ എസ് ഡിപി ഐ ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ അയ്യൂബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ, ഖജാഞ്ചി മഹറൂഫ് അഞ്ചുകുന്ന് സംസാരിച്ചു.

Tags:    

Similar News