പേരാവൂര്‍ ചിട്ടി തട്ടിപ്പ്: സിപിഎം ലോക്കല്‍ സെക്രട്ടറിയെ മാറ്റി

പി പ്രഹ്‌ലാദനെ പകരം സെക്രട്ടറിയാനെ പകരം തിരഞ്ഞെടുത്തു.

Update: 2021-10-18 00:50 GMT

കണ്ണൂര്‍: പേരാവൂര്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി എ പ്രിയനെ മാറ്റി. ഞായറാഴ്ച ചേര്‍ന്ന നെടുമ്പോയില്‍ ലോക്കല്‍ സമ്മേളനത്തിലാണ് ലോക്കല്‍ സെക്രട്ടറിയെ മാറ്റിയത്. പി പ്രഹഌദനെ പകരം സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല മാറ്റമെന്നാണ് സിപിഎം വിശദീകരണം. ചിട്ടി തട്ടിപ്പ് നടന്ന സമയത്തെ ഭരണസമിതി പ്രസിഡന്റ് ആയിരുന്നു പ്രിയന്‍.

സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ ഓപറേറ്റീവ് ഹൗസ് ബില്‍ഡിങ് സൊസൈറ്റി 2017 ലാണ് 876 പേരില്‍ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂര്‍ത്തിയായിട്ടും 315 പേര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കിയില്ല. ആകെ 1.85 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

പല തവണ പോലിസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകര്‍ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തിയിരുന്നു. സ്വന്തം വീട് വിറ്റ് പണം തിരികെ നല്‍കാമെന്ന് സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസ് എഴുതി നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.


Tags: