പേരാമ്പ്ര ജുമാ മസ്ജിദിന് നേരേ കല്ലേറ്; സിപിഎമ്മിനെ വെട്ടിലാക്കി എഫ്‌ഐആര്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാണിക്കോത്ത് അഖില്‍ദാസിന്റെ നേതൃത്വത്തില്‍ പള്ളിക്കുനേരെ ആക്രമണം നടത്തിയത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ലഹള ലക്ഷ്യമിട്ടാണെന്നാണ് എഫ്‌ഐആറിലെ ഗുരുതരമായ പരാമര്‍ശം.

Update: 2019-01-07 15:21 GMT

കോഴിക്കോട്: ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് നേരേ കല്ലെറിഞ്ഞ കേസിലെ എഫ്‌ഐആര്‍ റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി.

സിപിഎം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാണിക്കോത്ത് അഖില്‍ദാസിന്റെ നേതൃത്വത്തില്‍ പള്ളിക്കുനേരെ ആക്രമണം നടത്തിയത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ലഹള ലക്ഷ്യമിട്ടാണെന്നാണ് എഫ്‌ഐആറിലെ ഗുരുതരമായ പരാമര്‍ശം.

പള്ളിക്കുനേരെ നടന്ന ആക്രമണത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതിന് പിന്നാലെ മറുവാദമുയര്‍ത്തി സിപിഎം രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗ് ഓഫിസിന് നേരെ എറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണില്‍ പതിച്ചെന്നായിരുന്നു വിശദീകരണം. എന്നാല്‍, സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് ഇതെല്ലാം പൂര്‍ണമായും തള്ളിക്കളഞ്ഞാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.

20 ഓളം വരുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ പങ്കാളികളായെന്നും ഇവര്‍ പ്രദേശത്ത് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നതിനുള്ള 153 എ വകുപ്പ് ചുമത്തിയാണ് പോലിസ് റിമാന്റ് റിപോര്‍ട്ട് കോടതിയില്‍ നല്‍കിയത്. സിപിഎമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ വിവാദം പാര്‍ട്ടിക്കുള്ളിലും സജീവചര്‍ച്ചയായിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലും സിപിഎമ്മിനെതിരേ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. പേരാമ്പ്ര വിഷയം പ്രതിപക്ഷവും സിപിഎമ്മിനെതിരേ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്. തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ അവകാശവാദങ്ങള്‍ പൊളിഞ്ഞതിന്റെ ക്ഷീണം മാറുന്നതിന് മുമ്പാണ് പുതിയ വിവാദം പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.

അതേസമയം, എഫ്‌ഐആര്‍ തയ്യാറാക്കിയ പോലിസ് ഉദ്യോഗസ്ഥന് ആര്‍എസ്എസ് ക്യാംപുമായി ബന്ധമുണ്ടെന്ന ആരോപണവുമായി മന്ത്രി ഇ പി ജയരാജന്‍ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ പ്രേരണപ്രകാരമാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ശരിയായ നിരീക്ഷണം അവിടെ നടന്നിട്ടില്ല. തനിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട്.

സംഭവം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം മനപ്പൂര്‍വമല്ലെന്നും പള്ളിയുടെ ഒരു തൂണിന്റെ കോണില്‍ നേരിയ പോറലേല്‍ക്കുക മാത്രമാണുണ്ടായതെന്നുമാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇരുകൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ജുമാ മസ്ജിദിന് നേരെ കല്ലേറുണ്ടായത്.


Tags: