കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക്: വിമാനങ്ങളില്‍ പ്രതിഷേധവുമായി യാത്രക്കാര്‍
എയര്‍ ഇന്ത്യയുടെ കണ്ണൂര്‍ അബൂദാബി വിമാനത്തിലും ഇന്‍ഡിഗോയുടെ വാരണാസി-ഡല്‍ഹി വിമാനങ്ങള്‍ക്കും അകത്ത് വെച്ചാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് ചോദ്യം ചോദിച്ചതിന്റെ പേരില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ ഉള്‍പ്പടെ നാല് വിമാനകമ്പനികള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ പ്രതിഷേധവുമായി മലയാളികടക്കമുള്ള യാത്രക്കാര്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ വിമാനങ്ങളിലാണ് യാത്രക്കാര്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി കുനാല്‍ കമ്രക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധിച്ചത്. വിമാനത്തികത്ത് നിന്നുള്ള യാത്രക്കാരുടെ പ്രതിഷേധ പോസ്റ്ററുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
എയര്‍ ഇന്ത്യയുടെ കണ്ണൂര്‍ അബൂദാബി വിമാനത്തിലും ഇന്‍ഡിഗോയുടെ വാരണാസി-ഡല്‍ഹി വിമാനങ്ങള്‍ക്കും അകത്ത് വെച്ചാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. 'കുനാല്‍ കമ്രക്കെതിരായ ഇന്‍ഡിഗോയുടെ യാത്രാവിലക്കില്‍ ശക്തമായി പ്രതിഷേധിക്കുന്നു',' '#YouDivideWe Multiply' എന്നീ വാചകങ്ങളോടെയുള്ള പോസ്റ്ററുകളുമായാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.
മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മോശം പെരുമാറ്റം നടത്തിയെന്ന് ആരോപിച്ചാണ് കുനാല്‍ കമ്രയെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കം നാല് എയര്‍ലൈന്‍സുകള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കുനാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം.
ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുനാലിനെതിരെ വിലക്ക് വന്നത്.
