പീരുമേട് കസ്റ്റഡി മരണം: നാല് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; ആറ് പേരെ സ്ഥലംമാറ്റി

ഹരിത ഫൈനാന്‍സ് വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാറി (49) ന്റെ മരണം പോലിസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Update: 2019-06-25 13:27 GMT

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിക്കാനിടയായ സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ കൂട്ട അച്ചടക്ക നടപടി. നെടുങ്കണ്ടം എസ്‌ഐ ഉള്‍പ്പടെ നാലു പോലിസുകാരെ സസ്‌പെന്റ് ചെയ്തു. സിഐ ഉള്‍പ്പടെ ആറ് പോലിസുകാരെ സ്ഥലംമാറ്റി. ഹരിത ഫൈനാന്‍സ് വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാറി (49) ന്റെ മരണം പോലിസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ നെടുങ്കണ്ടം സ്‌റ്റേഷനിലെത്തി പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് പോലിസുകാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. നെടുങ്കണ്ടം എസ്‌ഐ കെ എ സാബു, എഎസ്‌ഐ റെജിമോന്‍, ഡ്രൈവര്‍മാരായ നിയാസ്, സജിമോന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ഇവരാണ് മരിച്ച രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതെന്നാണ് പ്രാഥമികപരിശോധനയില്‍ വ്യക്തമായത്. സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഡിഐജി കാളിരാജ് മഹേഷ്‌കുമാറും മാധ്യമങ്ങളോട് പറഞ്ഞു.

കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ രാജ്കുമാറിന്റെ രണ്ടു കാല്‍മുട്ടുകള്‍ക്കു താഴെയും തൊലി അടര്‍ന്നുമാറിയതായി കണ്ടെത്തിയിരുന്നു. ദേഹത്തേറ്റ ചതവുകള്‍ മൂലമുണ്ടായ ന്യുമോണിയ ബാധയെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. തൂക്കുപാലം ഹരിതാ ഫിനാന്‍സ് എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പുനടത്തിയ ഇയാളെ 12നാണ് നെടുങ്കണ്ടം പോലിസ് കസ്റ്റഡിയിലെടുത്തത്. രാത്രി ഒന്നിന് കോലഹലമേട്ടിലെ വീട്ടില്‍ ഇയാളെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. ഇവിടെ ഇയാളെ പോലിസ് ക്രൂരമായി മര്‍ദിക്കുന്നത് കണ്ടതായി അയല്‍വാസികളും ബന്ധുക്കളും വെളിപ്പെടുത്തിയതോടെയാണ് മരണത്തില്‍ ദുരൂഹത ശക്തമായത്.

കൂടാതെ പ്രതിയുടെ മെഡിക്കല്‍ റിപോര്‍ട്ട് എടുക്കുന്നതിന് എത്തിച്ചപ്പോള്‍ മര്‍ദനമേറ്റ് അവശനായിരുന്നതായും 12 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ വിട്ടയച്ചതെന്നും നെടുങ്കണ്ടം താലൂക്കാശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍, തൂക്കുപാലത്തെ വാടകവീട്ടില്‍ പരിശോധന നടക്കുന്നതിനിടെ പ്രതി ഓടിരക്ഷപെട്ടപ്പോള്‍ വീണ് കാലിന് പരിക്കേറ്റെന്നായിരുന്നു നെടുങ്കണ്ടം പോലിസ് ആശുപത്രി അധികൃതര്‍ക്കു പോലിസ് നല്‍കിയ വിശദീകരണം. കേസില്‍ അറസ്റ്റിലായ തോണക്കാട് മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസ് (43), വെന്നിപ്പറന്പില്‍ മഞ്ജു(33) എന്നിവര്‍ക്കൊപ്പമാണ് രാജ്കുമാറിനെയും കഴിഞ്ഞ 12ന് പോലിസ് കസ്റ്റഡിയിലെടുത്തത്. 

Tags:    

Similar News