പൗരത്വ പ്രക്ഷോഭകരെ രാജ്യദ്രോഹികളെന്ന് വിളിക്കരുതെന്ന് ബോംബെ ഹൈക്കോടതി

അഹിംസയില്‍ ഊന്നിയ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും സമാധാനപരമായ സമരം നടത്താനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Update: 2020-02-15 02:35 GMT
ഔറംഗബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് പോലിസ് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ വിധിപറയുന്നതിനിടേയായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം.

നിയമം അനുസരിക്കില്ലെന്ന് വെല്ലുവിളിച്ചുകൊണ്ടല്ല പ്രക്ഷോഭം നടക്കുന്നത്. അത് കൊണ്ട്തന്നെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രക്ഷോഭം നടത്തുന്നവരെ രാജ്യദ്രോഹികളെന്നും ദേശ വിരുദ്ധരെന്നും വിളിക്കാനാവില്ലെന്നും ഇത് സര്‍ക്കാരിനെതിരായ പ്രക്ഷോഭമാണെന്നും ഹൈക്കോടതി ബെഞ്ച് പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിന് അനുമതി നിരസിച്ചുകൊണ്ടുള്ള ബീഡ് ജില്ലാ മജിസ്‌ട്രേറ്റിന്റെയും സിറ്റി പോലിസിന്റെയും ഉത്തരുവകളും ഹൈകോടതി റദ്ദാക്കി. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പോലിസ് പ്രക്ഷോഭത്തിനുള്ള അനുമതി നിഷേധിച്ചിരുന്നത്.

അഹിംസയില്‍ ഊന്നിയ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും അത് കൊണ്ട് സമാധാനപരമായി സമരം നടത്താനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്നും ഹരജിക്കാരനും ബന്ധപ്പെട്ടവര്‍ക്കും സമാധാനപരമായി പ്രക്ഷോഭം നടത്താമെന്നും കോടതി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ മജല്‍ഗ്വാന്‍ ഈദ് ഗാഹ് മൈതാനിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് പോലിസ് അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്താണ് ഇഫ്തികാര്‍ സകീ ഷെയ്ക് കോടതിയെ സമീപിച്ചത്. വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെ പ്രക്ഷോഭം നടത്താനാവില്ലെന്നായിരുന്നു പോലിസ് ഉത്തരവ്. ഈ ഉത്തരവാണ് ഹൈകോടതി റദ്ദാക്കിയത്.




Tags:    

Similar News