പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും

പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ വിവാദമായ പൗരത്വനിയമഭേദഗതി ബില്‍ പാസ്സാക്കാനായത് സര്‍ക്കാരിന് നേട്ടമായി.

Update: 2019-12-13 01:33 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ രാത്രിനീക്കത്തിലൂടെ ബിജെപി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് സമ്മേളനത്തെ തുടക്കത്തില്‍ പ്രക്ഷുബ്ധമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ വിവാദമായ പൗരത്വനിയമഭേദഗതി ബില്‍ പാസ്സാക്കാനായത് സര്‍ക്കാരിന് നേട്ടമായി. 105നെതിരേ 125 വോട്ടുകള്‍ക്കാണ് ബില്ല് രാജ്യസഭ കടന്നത്.

ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യം ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. അടിയന്തരപ്രമേയത്തിന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമ പ്രകാരം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

അതേസമയം പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യം ആഭ്യന്തരമന്ത്രാലയം ഇന്ന് വിലയിരുത്തും. അമിത്ഷായുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ഡല്‍ഹിയില്‍ ചേരും. മേഘാലയ മന്ത്രിസഭയിലെ അംഗങ്ങളുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും എല്ലാ നേതാക്കള്‍ക്കും ഡല്‍ഹിയില്‍ എത്താനായിട്ടില്ല. ത്രിപുരയിലെ സംയുക്തസമരസമിതി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം പ്രക്ഷോഭം പിന്‍വലിച്ചിരുന്നു. ബില്ലിനെതിരെ വിദ്യാര്‍ത്ഥിസംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അസമില്‍ കര്‍ഫ്യു തുടരുകയാണ്.


Tags: