പാര്‍ലമെന്റില്‍ ഇന്നും സസ്‌പെന്‍ഷന്‍; രണ്ട് കേരളാ എംപിമാര്‍ക്കെതിരേ നടപടി

Update: 2023-12-20 10:12 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയ്‌ക്കെതിരേ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്ക് നേരെയുള്ള കൂട്ട സസ്‌പെന്‍ഷന്‍ നടപടി തുടരുന്നു. ലോക്‌സഭയില്‍ നിന്ന് ഇന്ന് രണ്ട് പേരെ കൂടി സസ്‌പെന്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടന്‍, എ എം ആരിഫ് എംപി ഒടുവിലായി സസ്‌പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡ് പിടിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലായി 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ന് രണ്ടുപേര്‍ക്കെതിരേ കൂടി നടപടിയെടുത്തത്. ഇതോടെ ഇരുസഭകളില്‍ നിന്നുമായി 143 എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്. രാജ്യത്തെ പാര്‍ലമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട പുറത്താക്കലാണ് പുതിയമന്ദിരത്തില്‍ നടക്കുന്നത്. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭയില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേരളത്തില്‍ നിന്ന് ഇനി നാല് എംപിമാര്‍ മാത്രമാണ് രാജ്യസഭയിലും ലോക്‌സഭയിലുമായി ബാക്കിയുള്ളത്. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി, എം കെ രാഘവന്‍ എന്നിവരും രാജ്യസഭയില്‍ എളമരം കരീം, അബ്ദുല്‍ വഹാബ് എന്നിവരുമാണ് നടപടി നേരിടാത്തവര്‍.

Tags: