ഭര്‍ത്താവുമായി അകന്നു താമസിക്കുന്നതിനിടെ പ്രണയം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന 23കാരിയായ കൗസല്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാതാപിതാക്കളായ തെന്നരശ്, അമൃതവല്ലി എന്നിവരെ എമനേശ്വരം പോലിസ് അറസ്റ്റുചെയ്തു.

Update: 2021-10-20 05:46 GMT
ചെന്നൈ: പ്രണയബന്ധത്തിന്റെ പേരില്‍ വിവാഹിതയായ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ് സംഭവം. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന 23കാരിയായ കൗസല്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാതാപിതാക്കളായ തെന്നരശ്, അമൃതവല്ലി എന്നിവരെ എമനേശ്വരം പോലിസ് അറസ്റ്റുചെയ്തു.


നാലുവര്‍ഷംമുമ്പ് വിവാഹിതയായ കൗസല്യ കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹംവിട്ട് നാലുമാസമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭര്‍ത്താവിനോടൊപ്പം പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, യുവതി കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായതോടെ കഴിഞ്ഞ വെള്ളിയാഴ്ച കൗസല്യ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.

അബോധാവസ്ഥയില്‍ക്കിടന്ന യുവതിയെ അയല്‍ക്കാര്‍ചേര്‍ന്ന് പരമകുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികൃതരെ അറിയിക്കാതെ തെന്നരശും അമൃതവല്ലിയും മകളെ വീട്ടിലേക്ക് കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിഷം കഴിച്ചു മകള്‍ മരിച്ചെന്നാണ് നാട്ടുകാരോട് പറഞ്ഞത്. പോലിസിലറിയിക്കാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.വിവരമറിഞ്ഞ എമനേശ്വരം പോലിസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം ദഹിപ്പിക്കുന്നതിനുള്‍പ്പെടെ സംഭവത്തിന് കൂട്ടുനിന്നവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പോലിസ് അറിയിച്ചു.

Tags: