പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാഗ്രതക്കുറവുണ്ടായി; സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി സിപിഎം ഏരിയാകമ്മിറ്റി

Update: 2021-11-11 04:59 GMT

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി. ഏരിയാ സമ്മേളനത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ യുഎപിഎ ചുമത്തിയതില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് വിമര്‍ശനം.

പോലിസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്നും വിമര്‍ശനമുയര്‍ന്നു. യുഎപിഎ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും പ്രതിനിധികള്‍ ചോദിച്ചു. യുഎപിഎ കേസില്‍ പോലിസിനെ ന്യായീകരിക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. താഹയും അലനും ചായ കുടിക്കാന്‍ പോയതിനല്ല അറസ്റ്റിലായതെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞിരുന്നു.

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബും ത്വാഹ ഫസലും നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നു.

യുഎപിഎ ചുമത്തി അറസ്റ്റിലായിരുന്ന ത്വാഹയ്ക്ക് കഴിഞ്ഞ മാസം 28ന് ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യവും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു. ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ഇല്ലെന്ന എന്‍ഐഎ കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

Tags:    

Similar News