പന്തീരങ്കാവ് യുഎപിഎ കേസ്: അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍

Update: 2022-11-28 13:47 GMT

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നല്‍കി. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് അപേക്ഷ നല്‍കിയത്. അലന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. നേരത്തെ അലനെതിരേ പോലിസും സമാന റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപോര്‍ട്ട് എന്‍ഐഎ കോടതിക്ക് കൈമാറുകയാണ് ചെയ്തത്.

കണ്ണൂര്‍ പാലയാട് ലോ കോളജ് കാംപസില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ അലനെതിരേ ധര്‍മടം പോലിസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് അലന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപോര്‍ട്ട് പന്നിയങ്കര സ്‌റ്റേഷന്‍ ഓഫിസര്‍ ശംഭുനാഥ് എന്‍ഐഎ കോടതിക്ക് കൈമാറിയിരുന്നത്. മറ്റൊരു കേസില്‍ ഉള്‍പ്പെടാന്‍ പാടില്ല എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്.

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും എസ്എഫ്‌ഐ പകപോക്കുകയാണെന്നും അലന്‍ നേരത്തെ ആരോപിച്ചിരുന്നു. 2019ലാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ ചുമത്തി റിമാന്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News