ട്രംപ് പോകുന്ന വഴിയിലെ തെരുവ്‌നായകളെ പൂട്ടിയിടും, പാന്‍ കടകള്‍ സീല്‍ ചെയ്തു -വരവേല്‍ക്കാന്‍ ഒരുങ്ങി ഗുജറാത്ത്

ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മറച്ചുവയ്ക്കുന്നതിനായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മതില്‍ പണിയുന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Update: 2020-02-17 18:37 GMT

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടു അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ട്രംപ് കടന്നു പോകുന്ന വഴികള്‍ മോടിപിടിപ്പിക്കാനാണ് കോടികള്‍ ചിലവഴിക്കുന്നത്. കോടികള്‍ ചെലവഴിച്ചുള്ള ഒരുക്കള്‍ ഇതിനോടകം പൂര്‍ത്തിയായി.

ഫെബ്രുവരി 24 നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെത്തുന്ന ട്രംപ് മൂന്ന് മണിക്കൂറോളം ഗുജറാത്തില്‍ ചെലവഴിക്കും. ട്രംപിന്റെ വരവിനോടു അനുബന്ധിച്ച് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിനു സമീപമുള്ള മൂന്ന് പാന്‍ കടകള്‍ (മുറുക്കാന്‍ കട) പോലിസ് സീല്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഏതാനും ദേശീയ മാധ്യമങ്ങളാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിമാനത്താവളത്തിനു അടുത്തുള്ള മൂന്ന് പാന്‍ കടകള്‍ പൂട്ടി സീല്‍ ചെയ്തതായി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. അടുത്തൊരു ഉത്തരവ് ലഭിക്കുന്നതുവരെ പാന്‍ ഷോപ്പുകള്‍ അടഞ്ഞുകിടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. റോഡുകളും ചുമരുകളും വൃത്തിയായി സൂക്ഷിക്കണമെന്നും നഗരത്തിലെ റോഡിലും കടകളുടെ ചുമരുകളിലും പാന്‍ മസാല ചവച്ച് തുപ്പരുതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ട്രംപ് കടന്നുപോകുന്ന വഴിയെല്ലാം വൃത്തിയായിരിക്കാന്‍ വേണ്ടിയാണ് പാന്‍ കടകള്‍ സീല്‍ ചെയ്തത്. ഇതുകൂടാതെ ട്രംപ് പോകുന്ന വഴിയിലെ തെരുവ്‌നായ്ക്കളെ പൂട്ടിയിടാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളെ കൂട്ടിലടയ്ക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മതില്‍കെട്ടി മറച്ച് നഗരം മോടി പിടിപ്പിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചേരിപ്രദേശങ്ങള്‍ മറച്ചുവയ്ക്കുന്നതിനായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മതില്‍ പണിയുന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ മോട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം വരെ റോഡ്‌ഷോ നടക്കും.




Tags:    

Similar News