പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു; ഇടുക്കി അണക്കെട്ട് രാവിലെ 11ന് തുറക്കും

Update: 2021-10-19 00:49 GMT

പത്തനംതിട്ട/ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഇന്ന് പുലര്‍ച്ചെയാണ് ഷട്ടറുകള്‍ തുറന്നത്. പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ ഉത്തരവിന്‍മേലാണ് നടപടി. രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. രാവിലെ ആറ് മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ച് മണിക്കുശേഷം തന്നെ അണക്കെട്ട് തുറക്കുകയായിരുന്നു. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആറുമണിക്കാണ് ഇടമലയാര്‍ തുറന്നത്. ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളില്‍ രണ്ടെണ്ണമാണ് 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. 2018 ആഗസ്തിലാണ് ഇതിന് മുമ്പ് ഇടമലയാര്‍ തുറന്നത്. ഇന്ന് രാവിലെ 11 മണിക്ക് ഇടുക്കി ഡാം തുറക്കും. മൂന്ന് ഷട്ടറുകള്‍ 35 സെ.മീ ആണ് ഉയര്‍ത്തുക. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് ഇടുക്കിയില്‍നിന്നും തുറന്നുവിടുക. വെള്ളമൊഴുകുന്ന പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. 2018ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടര്‍ ആദ്യമായാണ് തുറക്കുന്നത്.

ഡാമിനുള്ളത് അഞ്ച് ഷട്ടറുകള്‍. അവയില്‍ മധ്യത്തിലെ മൂന്ന് ഷട്ടറുകളാണ് 11 മണിക്ക് തുറക്കുക. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ ഷട്ടര്‍ സംവിധാനമുള്ളൂ. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. തൃശൂര്‍ ജില്ലയിലെ ലോവര്‍ ഷോളയാര്‍ തിങ്കളാഴ്ച തുറന്നു. പെരിങ്ങല്‍കുത്ത്, പീച്ചി, ചിമ്മിനി ഡാമുകള്‍ കഴിഞ്ഞദിവസങ്ങളില്‍ തുറന്നിരുന്നു. പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട്, മൂഴിയാര്‍, മണിയാര്‍, കോഴിക്കോട് പെരുവണ്ണാമൂഴി, പാലക്കാട് ജില്ലയിലെ മലന്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, ചുള്ളിയാര്‍, ശിരുവാണി ഡാമുകളും തുറന്നു. അണക്കെട്ടുകള്‍ തുറക്കുന്നതോടെ ബന്ധപ്പെട്ട നദികളില്‍ ജലനിരപ്പുയര്‍ന്ന് സമീപപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവാന്‍ സാധ്യതയുണ്ട്. ഇടമലയാര്‍ തുറക്കുമ്പോള്‍ പെരിയാറില്‍ ജലനിരപ്പ് കാര്യമായി ഉയരില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ഇടുക്കിയും ഇടമലയാറും തുറക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തി ഭൂതത്താന്‍കെട്ട് ഡാമില്‍ ജലനിരപ്പ് 27.5 മീറ്ററില്‍ ക്രമീകരിച്ചിരിക്കുകയാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് ഡാമുകള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുന്നു. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും അതീവജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്നും അഭ്യര്‍ഥിച്ചു.

Tags: