ജനിന്‍ ക്യാംപില്‍ റെയ്ഡിന് ശ്രമിച്ചാല്‍ നേരിടും; ഇസ്രായേലിന് ഫലസ്തീനികളുടെ മുന്നറിയിപ്പ്

രക്ഷപ്പെട്ട ഫലസ്തീനികള്‍ ആക്രമണം അഴിച്ചുവിടുമോയെന്ന് ഭയന്ന് വെസ്റ്റ് ബാങ്കിനും ഇസ്രായേലിനുമിടയില്‍ ഡസന്‍ കണക്കിന് ചെക്ക്‌പോസ്റ്റുകളാണ് ഇസ്രായേല്‍ സ്ഥാപിച്ചിരിക്കുന്നത്.

Update: 2021-09-08 10:25 GMT

വെസ്റ്റ്ബാങ്ക്: അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ആറ് പലസ്തീന്‍ തടവുകാരെ തേടി ഇസ്രായേല്‍ സൈന്യം ജെനിന്‍ അഭയാര്‍ത്ഥി ക്യാംപില്‍ പ്രവേശിച്ചാല്‍ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പുമായി ഫലസ്തീന്‍ പോരാട്ട സംഘടനയായ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പ് അംഗങ്ങള്‍.

ബുധനാഴ്ച പുലര്‍ച്ചെ, നായകളുമായി എത്തിയ ഇസ്‌റായേല്‍ സൈന്യം ഫലസ്തീന്‍ പട്ടണമായ യാബാദിന് സമീപം ജെനിനിനടുത്തുള്ള വിഭജന മതിലില്‍ വിടവുകള്‍ പരിശോധിക്കുകയും നിരീക്ഷണ വിമാനങ്ങള്‍ മേഖലയില്‍ പറക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി ക്യാംപിലുടനീളം വെടിയൊച്ചകള്‍ മുഴങ്ങിയത് ജെനിന്‍ പ്രദേശത്തെ സംഘര്‍ഷാവസ്ഥയിലേക്ക് എത്തിച്ചിരുന്നു. ഇസ്രായേല്‍ സൈന്യം രക്ഷപ്പെട്ടവരെയോ ഇസ്രായേല്‍ ജയിലുകളിലെ മറ്റു ഫലസ്തീന്‍ തടവുകാരെയോ ഉപദ്രവിച്ചാല്‍ ഫലസ്തീന്‍ പോരാളികള്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്‌ലാമിക് ജിഹാദ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇസ്രായേല്‍ ജയിലില്‍നിന്നു രക്ഷപ്പെട്ട ഫലസ്തീനികളെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. ഇവര്‍ അന്താരാഷ്ട്ര അംഗീകാരമുള്ള ഫലസ്തീന്‍ അതോറിറ്റിക്ക് ചെറിയ നിയന്ത്രണമുള്ള അവരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ജെനിനിലേക്ക് നീങ്ങിയെന്നാണ് കരുതപ്പെടുന്നത്.

തിങ്കളാഴ്ച ഗില്‍ബോവ ജയിലില്‍ നിന്ന് തുരങ്കം നിര്‍മിച്ച് രക്ഷപ്പെട്ട ആറു ഫലസ്തീന്‍ തടവുകാര്‍ക്കായി ബുധനാഴ്ച നൂറുകണക്കിന് ഇസ്രായേല്‍ സുരക്ഷാ സേനയും രഹസ്യാന്വേഷണ ഏജന്റുമാരും തിരച്ചില്‍ നടത്തിയിരുന്നു.

രക്ഷപ്പെട്ട ഫലസ്തീനികള്‍ ആക്രമണം അഴിച്ചുവിടുമോയെന്ന് ഭയന്ന് വെസ്റ്റ് ബാങ്കിനും ഇസ്രായേലിനുമിടയില്‍ ഡസന്‍ കണക്കിന് ചെക്ക്‌പോസ്റ്റുകളാണ് ഇസ്രായേല്‍ സ്ഥാപിച്ചിരിക്കുന്നത്.

Tags: