ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു (വീഡിയോ)

ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

Update: 2021-05-10 18:12 GMT

ഗസാ സിറ്റി: ജെറുസലേമിലും മസ്ജിദുല്‍ അഖ്‌സയിലും ദിവസങ്ങളായി തുടരുന്ന അതിക്രമങ്ങള്‍ക്കു പിന്നാലെ ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു.ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡറും കൊല്ലപ്പെട്ടിട്ടുണ്ട്. ജെറുസലേമിന്റെ അല്‍അഖ്‌സാ പള്ളി വളപ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഹമാസ് നടത്തിയ റോക്കറ്റാക്രമണങ്ങള്‍ക്ക് മറുപടിയായി ഗസയില്‍ വ്യോമാക്രമണം നടത്തിയതായും മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ കൊലപ്പെടുത്തിയതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു.

'ഗസയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ സൈനിക വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജെറുസലേമിലും മസ്ജിദുല്‍ അഖ്‌സയിലും ഇസ്രായേല്‍ ദിവസങ്ങളായി തുടരുന്ന അതിക്രമങ്ങള്‍ക്ക് പ്രതികരണമായി ഹമാസ് ഇസ്രായേലിനെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.ജെറുസലേം ദിനം ആഘോഷിക്കുന്നതിനായി ആയിരക്കണക്കിന് ഇസ്രായേലികള്‍ ഡൗണ്‍ ടൗണ്‍ വഴി പരേഡ് നടത്തുന്നതിനിടെയാണ് മധ്യ ഇസ്രായേലിലും ജെറുസലേമിലും റോക്കറ്റ് ആക്രമണമുണ്ടായത്. ജെറുസലേമില്‍ ഇസ്രായേല്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് റോക്കറ്റാക്രമണം നടത്തുമെന്ന് ഹമാസ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

കിഴക്കന്‍ ജെറൂസലം സമ്പൂര്‍ണമായി ജൂത കുടിയേറ്റ കേന്ദ്രമായി മാറ്റുന്നതിന് അല്‍ അഖ്‌സയുടെ പ്രാന്തഭാഗത്തുള്ള ശൈഖ് ജര്‍റാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് ഫലസ്തീനെ വീണ്ടും സംഘര്‍ഷത്തിലേക്ക് നയിച്ചിരിക്കുന്നത്.

Tags: