ജറുസലേമിലെ ചര്‍ച്ചുകള്‍ സംരക്ഷിക്കണം: യുഎന്നിനോട് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം

നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കാനും യുഎന്‍ പ്രമേയങ്ങളെ ബഹുമാനിക്കാനും ഉടനടി നടപ്പിലാക്കാനും ഫലസ്തീന്‍ അതോറിറ്റിയുടെ വിദേശകാര്യമന്ത്രാലയം യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.

Update: 2022-06-11 18:06 GMT

ജെറുസലേം: അധിനിവിഷ്ട ജെറുസലേമിലെ ബാബ് അല്‍ഖലീല്‍ പ്രദേശത്തെ ചര്‍ച്ചിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള സുപ്രിം കോടതി തീരുമാനത്തേയും അതിനെതിരേ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതിനേയും അപലപിച്ച് ഫലസ്തീന്‍ അതോറിറ്റിയുടെ (പിഎ) വിദേശകാര്യ മന്ത്രാലയം.

ഇസ്രായേലിലെ കോടതിയും നീതിന്യായ വ്യവസ്ഥയും അധിനിവേശ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണെന്നതിനുള്ള പുതിയ തെളിവാണിതെന്ന് ഇസ്രായേല്‍ കോടതി ഉത്തരവിനെ പരാമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ജെറുസലേമിലെ ക്രിസ്ത്യന്‍-മുസ് ലിം സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് കോടതി നിയമപരമായ സംരക്ഷണം നല്‍കുകയാണെന്നും ഫലസ്തീന്‍ അതോറിറ്റി ആരോപിച്ചു.

നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കാനും യുഎന്‍ പ്രമേയങ്ങളെ ബഹുമാനിക്കാനും ഉടനടി നടപ്പിലാക്കാനും ഫലസ്തീന്‍ അതോറിറ്റിയുടെ വിദേശകാര്യമന്ത്രാലയം യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.

ജറുസലേമിലെ കോണ്‍സുലേറ്റ് വേഗത്തില്‍ പുനരാരംഭിക്കുക, ജറുസലേമിലെ പീഡനവും യഹൂദവല്‍ക്കരണവും തടയാന്‍ അധിനിവേശ ശക്തിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക തുടങ്ങിയ പ്രമേയങ്ങള്‍ പാലിക്കാനും പ്രസ്താവന ആവശ്യപ്പെട്ടു.

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഓള്‍ഡ് സിറ്റിയിലെ ബാബ് അല്‍ ഖലീലിലുള്ള അറ്റെറെറ്റ് കൊഹാനിം സെറ്റില്‍മെന്റ് ഓര്‍ഗനൈസേഷന്‍ അതിന്റെ മൂന്ന് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നത് അസാധുവാക്കാന്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് സമര്‍പ്പിച്ച അപേക്ഷ കഴിഞ്ഞ ബുധനാഴ്ചയാണ് ഇസ്രായേല്‍ സുപ്രീം കോടതി തള്ളിയത്.

Tags:    

Similar News