പാലത്തായി ബാലികാപീഡനക്കേസ്: പ്രതി പത്മരാജനെ ഉടന്‍ അറസ്റ്റുചെയ്തില്ലെങ്കില്‍ ശക്തമായ ബഹുജന സമരം- എസ്ഡിപിഐ

പാലത്തായി കേസിലെ പ്രതി ബിജെപി നേതാവായ പത്മരാജനെതിരേ പോക്‌സോ വകുപ്പ് ചുമത്തി അധിക കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക, ജാമ്യം റദ്ദുചെയ്യാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

Update: 2021-06-17 11:46 GMT

കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിയുടെ ജാമ്യം റദ്ദുചെയ്യാത്ത പോലിസിന്റെ നടപടി ദുരൂഹമാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റുചെയ്തില്ലെങ്കില്‍ ശക്തമായ ബഹുജന സമരം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. പാലത്തായി കേസിലെ പ്രതി ബിജെപി നേതാവായ പത്മരാജനെതിരേ പോക്‌സോ വകുപ്പ് ചുമത്തി അധിക കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക, ജാമ്യം റദ്ദുചെയ്യാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ കേസിന്റെ തുടക്കം മുതല്‍ ഇടപെട്ട എസ്ഡിപിഐ, കുട്ടിയുടെ അധ്യാപകനും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജനും കൂട്ടര്‍ക്കും അര്‍ഹമായ ശിക്ഷ വാങ്ങിച്ചുനല്‍കി. ഇരയ്ക്ക് നീതികിട്ടും വരെ സമരപോരാട്ടത്തിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യകേരളത്തില്‍ നാണക്കേടായി തുടരുന്ന മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളും സഹപാഠിയുടെ മൊഴികളുമുണ്ടായിരുന്നിട്ടും നേരത്തെ കേസന്വേഷിച്ച ലോക്കല്‍ പോലിസും ഐജി ശ്രീജിത്തും ക്രൈംബ്രാഞ്ചും പ്രതിയെ രക്ഷിക്കാന്‍ വേണ്ട എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തെന്ന് തുടര്‍ന്ന് സംസാരിച്ച എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ പറഞ്ഞു.

ബിജെപിയുമായി ചേര്‍ന്ന് സിപിഎം കേസ് ഇല്ലാതാക്കാനുള്ള സഹായം ചെയ്തുവെന്ന സംശയം ബലപ്പെടുന്നതായിരുന്നു ഈ കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍. ഇത്തരത്തില്‍ പ്രതികളെ സഹായിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ പത്മരാജന്മാരെ പൊതുജനം തെരുവില്‍ നേരിടുന്ന ദിനങ്ങളുണ്ടാവുമെന്ന് അദ്ദേഹം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ നില്‍പ്പ് സമരത്തില്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, ജില്ലാ സെക്രട്ടറി ഇബ്രാഹിം കൂത്തുപറമ്പ്, ജില്ലാ ട്രഷറര്‍ എ ഫൈസല്‍, കണ്ണൂര്‍ മണ്ഡലം സെക്രട്ടറി മഹ്ഷൂക്ക് കിഴുന്ന, ഷുക്കൂര്‍ മാങ്കടവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News