പാലാരിവട്ടം പാലം: വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടക്കുന്നുവെന്ന് വിജിലന്‍സ്; ടി ഒ സൂരജിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

വി കെ ഇബ്രാഹിംകുഞ്ഞിന് ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്ന് വിജിലന്‍സ്.ടി ഒ സൂരജിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരം കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം കോടതിയില്‍ റിപോര്‍ട് സമര്‍പ്പിക്കും.ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ജയിലിലെത്തി സൂരജിനെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്

Update: 2019-09-25 01:42 GMT

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് വിജിന്‍ലന്‍സിന്റെ ക്‌ളീന്‍ ചിറ്റ് ഇല്ല. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ഇന്ന് ചോദ്യം ചെയ്ത് ലഭിക്കുന്ന വിവരം കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം കോടതിയില്‍ പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കും. ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം തുടരുകയാണെന്ന് വിജിലന്‍സ്  അറിയിച്ചിരുന്നു. നേരത്തെ കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ് ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍,ബെന്നി പോള്‍, എം ടി തങ്കച്ചന്‍ എന്നിവരെ വിജിലന്‍സ് സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ടി ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലും മാധ്യമ പ്രവര്‍ത്തകരോടും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് കരാറുകാരന് മുന്‍കൂറായി പണം നല്‍കിയതെന്നതടക്കമുള്ള ആരോപണമാണ് ടി ഒ സൂരജ് ഉന്നയിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ താന്‍ സര്‍ക്കാരിന്റെ ഉപകരണം മാത്രമായിരുന്നുവെന്നും സൂരജ് പറഞ്ഞിരുന്നു.കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞതു കൂടാതെ മാധ്യമപ്രവര്‍ത്തകരോടും ഇബ്രാഹിംകുഞ്ഞിനെതിരെ സൂരജ് ആരോപണം ഉന്നയിച്ചിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് വിജിലന്‍സിന്റെ വാദം. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അപേക്ഷയുമായി വിജന്‍ലസ് സംഘം കോടതിയെ സമീപിച്ചത്.തുടര്‍ന്ന് ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയക്ക് ഒരു മണിവരെ ടി ഒ സൂരജിനെ ജെയിലിലെത്തി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കുകയായിരുന്നു. 

Tags:    

Similar News