വിചാരണത്തടവുകാരനായിരിക്കെ മരിച്ച നിസാര്‍ ഭരണകൂട ഭീകരതയുടെ ഇര: അജ്മല്‍ ഇസ്മായില്‍

Update: 2023-01-12 14:29 GMT

പട്ടാമ്പി: വിചാരണത്തടവില്‍ കഴിയവെ മരിച്ച നിസാര്‍ ഭരണകൂട ഭീകരതയുടെ ഇരയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഭരണകൂട നീതി നിഷേധ ഭീകരതയില്‍ മരണപ്പെട്ട പട്ടാമ്പി മരുതൂര്‍ നന്തിയാരത്ത് മുഹമ്മദ് മകന്‍ അബ്ദുല്‍ നാസര്‍ എന്ന നിസാറിന്റെ അനുസ്മരണ യോഗത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കള്ളക്കേസില്‍ കുടുക്കിയാണ് നിസാറിനെ പാലക്കാട് പോലിസ് അറസ്റ്റ് ചെയ്തത്.

ജയിലിലായിരിക്കെ രോഗാവസ്ഥ പലതവണ അധികൃതരെ അറിയിച്ചിട്ടും അഭിനയമാണെന്ന് പറഞ്ഞ് ചികില്‍സ നല്‍കാന്‍ ജയിലധികൃതര്‍ തയ്യാറായില്ല. അഭിനയിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങാമെന്ന മോഹം ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കില്ല. രോഗിയാണന്നറിഞ്ഞിട്ടും പോലിസ് അനീതിയാണ് നിസാറിനോട് കാണിച്ചത്. ജയില്‍ വകുപ്പും പോലിസുമാണ് നിസാറിന്റെ മരണത്തിന് കാരണം. പാലക്കാട് പോലിസിന്റെ ഭരണകൂട അനീതി മറക്കാന്‍ കഴിയില്ല. ഗുരുതരമായ രോഗിയായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി ജാമ്യത്തിനായി ശ്രമിച്ചപ്പോള്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ തെറ്റായ വിവരങ്ങളാണ് പോലിസും ജയില്‍ വകുപ്പും കോടതിയില്‍ നല്‍കിയത്.

ഗുരുതരമായ വിവേചനം തുടര്‍ന്ന പോലിസും ജയില്‍ വകുപ്പും നിസാര്‍ മരണപ്പെട്ടിട്ടും ഭരണകൂട നീതി നിഷേധം നിസാറിനോട് തുടരുകയായിരുന്നു. വിചാരണ തടവുകാരനോട് നീതി കാണിക്കലും രോഗത്തിന് ചികില്‍സ നല്‍കലും ഭരണകൂടത്തിന്റെ ബാധ്യതയാണ്. നിസാറിനെ കുറ്റവാളിയായി ഒരു കോടതിയും പറഞ്ഞിട്ടില്ല. മൃതദേഹത്തോട് പോലും പകപോക്കല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അനാദരവ് പോലിസും ഭരണകൂടവും കാണിച്ചു. ഈ അനീതി കാണിച്ചവര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണം.

അപരാധികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നാം കാണുന്നത്. ഒരു രാജ്യം ഇരട്ട നീതി എന്ന രീതിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറി പോലും ഫാഷിസ്റ്റുവല്‍ക്കരിക്കുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഫാഷിസ്റ്റ് വിരുദ്ധക്കെതിരേ പ്രവര്‍ത്തിക്കുകയാണ് ഒരോ പ്രവര്‍ത്തകരുടെയും പൗരന്‍മാരുടേയും ബാധ്യത. രാജ്യത്ത് ഏകാധിപത്യ ഫാഷിസം തകര്‍ക്കപ്പെടേണ്ടതാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പട്ടാമ്പി മണ്ഡലം കമ്മറ്റി പട്ടാമ്പി മരുതൂര്‍ സെന്ററില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി.

പട്ടാമ്പി മണ്ഡലം പ്രസിഡന്റ് എം സൈതലവി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ സെക്രട്ടറിമാരായ വാസു വല്ലപ്പുഴ, അബൂബക്കര്‍ വല്ലപ്പുഴ, ജില്ലാ ട്രഷറര്‍ കെ ടി അലി, പാര്‍ട്ടി ഓങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യൂസ്ഫുട്ടി കാരക്കാട്, ഓങ്ങല്ലൂര്‍ പഞ്ചായത്തംഗങ്ങളായ ഹസീന ടീച്ചര്‍, റസീന, നഷീജ, വല്ലപ്പുഴ പഞ്ചായത്തംഗം റഷീദ്, മണ്ഡലം സെക്രട്ടറി നാസര്‍ കാരകത്ത്, മണ്ഡലം ജോ. സെക്രട്ടറി അഫ്‌സല്‍ നടുവട്ടം, മണ്ഡലം കമ്മിറ്റി, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.

Tags:    

Similar News