ഇടപെട്ടത് പൊട്ടിത്തെറിയുണ്ടാവുമെന്ന് കണ്ടതുകൊണ്ട്; സമുദായനേതാക്കളുടെ സംയുക്തയോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്

Update: 2021-09-19 09:49 GMT

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് അനുനയനീക്കങ്ങളുടെ ഭാഗമായി മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മതനേതാക്കളുടെ സംയുക്ത യോഗം കെപിസിസി വിളിക്കും. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. ബിഷപ്പിന്റെ പ്രസ്താവനയെത്തുടര്‍ന്ന് സമൂഹത്തില്‍ വലിയ പൊട്ടിത്തെറിയുണ്ടാവുമെന്ന് കണ്ടതുകൊണ്ടാണ് സ്വമേധയാ അനുരഞ്ജനത്തിന് നീക്കം തുടങ്ങിയത്. ആഗ്രഹിക്കാത്ത സംഭവവികാസങ്ങളുടെ ലാഞ്ചന നടന്നപ്പോള്‍ അതിനെ മുളയിലേ നുള്ളാനാണ് സമുദായ നേതാക്കളെ കണ്ടത്.

ചര്‍ച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്നും സുധാകരന്‍ പറഞ്ഞു. വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‌നപരിഹാരത്തിന് ഇടപെടും. പാലാ ബിഷപ്പിനെ കണ്ട ശേഷം സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിരുത്തരവാദപരമായാണ് പ്രതികരിച്ചത്.

വാസവന്‍ ബിഷപ്പിനെ മാത്രമാണ് കണ്ടത്. മറുവിഭാഗത്തെ കണ്ടില്ല. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ കാണിക്കേണ്ട ഉത്തരവാദിത്തം കാണിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരേ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

നമോ ടിവിയില്‍ ഒരു പെണ്‍കുട്ടി പച്ചത്തെറി പറയുന്ന വീഡിയോ സൈബര്‍ സെല്ലിന് അയച്ചുകൊടുത്തിട്ടും നടപടിയെടുത്തില്ല. പല തവണ കത്ത് നല്‍കിയിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. താമരശ്ശേരി രൂപത കൈപുസ്തക വിഷയം എം കെ മുനീറിന്റെ നേതൃത്വത്തില്‍ രമ്യമായി പരിഹരിച്ചത് നല്ല മാതൃകയാണ്. ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിലപാടില്ല, കോണ്‍ഗ്രസിന്റെ ഇടപെടലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമായിരുന്നു എന്ന വികാരം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, ഈ പ്രശ്‌നം നീണ്ടുപോവട്ടെ എന്നാണ് സര്‍ക്കാര്‍ സമീപനമെന്നാണ് തോന്നുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Tags: