ഇസ്‌ലാമാബാദില്‍ ഹിന്ദുക്ഷേത്ര നിര്‍മാണത്തിന് അംഗീകാരം നല്‍കി ഉന്നത മുസ്‌ലിം സമിതി

ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ആരാധനാലയത്തിനായി ഒരിടം ഇസ്‌ലാമിക നിയമം അനുവദിക്കുന്നതായി കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി ചൂണ്ടിക്കാട്ടി.

Update: 2020-10-29 14:13 GMT

ഇസ്‌ലാമാബാദ്: രാജ്യ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ഹൈന്ദവ ക്ഷേത്രം നിര്‍മിക്കുന്നതിന് അംഗീകാരം നല്‍കി മതപരമായ വിഷയങ്ങളില്‍ സര്‍ക്കാരിനെ ഉപദേശം നല്‍കുന്ന കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി. ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ആരാധനാലയത്തിനായി ഒരിടം ഇസ്‌ലാമിക നിയമം അനുവദിക്കുന്നതായി കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റ് അംഗം കൂടിയായ പ്രമുഖ ഹിന്ദു നേതാവ് ലാല്‍ മാല്‍ഹി ബുധനാഴ്ചത്തെ പ്രഖ്യാപനം സ്വാഗതം ചെയ്തു. 3000ത്തോളം ഹിന്ദുക്കള്‍ താമസിക്കുന്ന തലസ്ഥാനത്ത് നിലവില്‍ ഹിന്ദു ക്ഷേത്രമില്ല. പത്തു ലക്ഷത്തിലധികം ജനങ്ങളുള്ള തലസ്ഥാന നഗരിയില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ്. പാകിസ്താനിലെ ഹിന്ദു സമുദായത്തിന് മരണപ്പെട്ടവരുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി പ്രസ്താവനയില്‍ പറഞ്ഞു.

ഈ അവകാശത്തിന്റെ വെളിച്ചത്തില്‍, മതപരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരണപ്പെട്ടയാളുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഇസ്ലാമാബാദിലെ ഹിന്ദു സമൂഹത്തിന് അനുയോജ്യമായ ഒരു സ്ഥലം അനുവദിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗത്തിന് വിവാഹങ്ങളും മതപരമായ പരിപാടികളും നടത്താന്‍ കമ്മ്യൂണിറ്റി സെന്ററുകള്‍ നിര്‍മ്മിക്കാനും കൗണ്‍സില്‍ അനുമതി നല്‍കി. ഇത് അവരുടെ ഭരണഘടനാപരമായ അവകാശമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.സ്വകാര്യ ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിനായി പൊതു ഫണ്ട് നേരിട്ട് ചെലവഴിക്കരുതെന്ന് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ ജൂണില്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ക്ഷേത്ര നിര്‍മാണം നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി തീരുമാനം. ക്ഷേത്രനിര്‍മ്മാണത്തെ മതനിന്ദയായി വിശേഷിപ്പിച്ച ചിലരുടെ ഭീഷണികളെതുടര്‍ന്നായിരുന്നു ഖാന്റെ തീരുമാനം.ക്ഷേത്ര നിര്‍മാണം ബലമായി തടയുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് പൊതു പണം നിര്‍മ്മാണത്തിനായി ഉപയോഗിക്കാമോ എന്ന് തീരുമാനിക്കാന്‍ ഖാന്‍ വിഷയം കൗണ്‍സിലിനു കൈമാറുകയായിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനായി 6,00,000 ലക്ഷം ഡോളര്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

Tags: