കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം;ഇടപെടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.

Update: 2019-08-20 16:35 GMT

ന്യൂഡല്‍ഹി: കശ്മീര്‍ ആഭ്യന്തര വിഷയമെന്ന് അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള 370ാം അനുച്ഛേദം റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. കശ്മീരിന്റെ സാമ്പത്തിക പുരോഗതിയും വികസനവും ലക്ഷ്യമാക്കിക്കൊണ്ടാണ് കശ്മീര്‍ വിഷയത്തില്‍ തീരുമാനമെടുത്തതെന്നും രാജനാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ അറിയിച്ചു.

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സങ്കീര്‍ണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.

അതേസമയം, ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുമാറ്റിയ ഇന്ത്യന്‍ നടപടിക്കെതിരേ പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് ട്രംപ് ഡോണള്‍ഡ് ട്രംപിനെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.

Tags:    

Similar News