ഹിന്ദു ക്ഷേത്രനിര്‍മാണത്തിനെതിരായ ഹരജികള്‍ തള്ളി പാക് കോടതി

വിഷയം രാജ്യത്തെ ഇസ്‌ലാമിക പ്രത്യയശാസ്ത്ര സമിതിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തു.

Update: 2020-07-08 15:16 GMT

ഇസ്‌ലാമാബാദ്: തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദിലെ ഹിന്ദു ക്ഷേത്ര നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ തള്ളി പാക് കോടതി. വിഷയം രാജ്യത്തെ ഇസ്‌ലാമിക പ്രത്യയശാസ്ത്ര സമിതിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തു. നഗരത്തിലെ ഹിന്ദു സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യമായ ക്ഷേത്രവും ശ്മശാവും നിര്‍മിക്കുന്നതിന് 0.2 ഹെക്ടര്‍ (0.5 ഏക്കര്‍) സ്ഥലം അനുവദിക്കുന്നതിനെതിരായ എതിര്‍പ്പിന് നിയമപരമായ സാധുതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ക്ഷേത്ര നിര്‍മ്മാണം ഉറപ്പില്ലെന്നും വിഷയം സര്‍ക്കാര്‍ നയങ്ങളില്‍ ഉപദേശം നല്‍കുന്ന മതനേതാക്കളുടെ സ്വതന്ത്ര സമിതിയായ ഇസ്‌ലാമിക് പ്രത്യയ ശാസ്ത്ര സമിതിയുടെ പരിഗണനയ്ക്ക് വിട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇത് നിര്‍മ്മിക്കാനാവുമോ?, ഇതിന് പൊതുഖജനാവില്‍നിന്നുള്ള പണം ഉപയോഗിക്കാനാവുമോ? എന്നീ വിഷയങ്ങളില്‍ ഉപദേശം തേടിയതായും പാക് മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഇമ്രാന്‍ ബഷീര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അഭ്യര്‍ഥനയില്‍ വരുന്ന സപ്തംബറില്‍ ഇസ്‌ലാമിക് പ്രത്യയ ശാസ്ത്ര സമിതി വിധി പറയുമെന്ന് പാകിസ്താന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്താന്‍ (എപിപി) വ്യക്തമാക്കി.ക്ഷേത്രത്തിനായി 2017ലാണ് സ്ഥലം അനുവദിച്ചത്. ഒരു വര്‍ഷത്തിനുശേഷം പ്രാദേശിക ഹിന്ദു സമുദായ നേതൃത്വത്തിന് ഇത് കൈമാറുകയും ചെയ്തു. 22 കോടിയോളം ജനസംഖ്യയുള്ള പാകിസ്താനില്‍ 35 ലക്ഷം ഹിന്ദുക്കളാണ് ഉള്ളത്.


Tags: