പാക് വ്യോമപാത അടഞ്ഞുതന്നെ; ഇന്ത്യന്‍ വ്യോമപാതയില്‍ തിരക്ക് വര്‍ധിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

വിയറ്റ്‌നാമില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ഫ്രാന്‍സ് വിമാനവും അബുദാബിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പറന്ന ഇത്തിഹാദ് വിമാനവുമാണ് അപകടത്തില്‍നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടത്.

Update: 2019-03-17 13:22 GMT

മുംബൈ: പുല്‍വാമ ആക്രമണത്തിന്റെയും ഇന്ത്യയുടെ തിരിച്ചടിയുടേയും പശ്ചാത്തലത്തില്‍ അടച്ച വ്യോമപാത പാകിസ്താന്‍ ഇതുവരെ തുറക്കാന്‍ തയ്യാറാവാത്തതിനെതുടര്‍ന്ന് ഇന്ത്യന്‍ വ്യോമപാതയില്‍ വന്‍ തിരക്ക്. ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ നിരവധി വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമപാതയില്‍ സഞ്ചാരം നടത്തുന്നത്.

ഇതു പലപ്പോഴും അപകട സാധ്യത വരുത്തി വയ്ക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40ന് മുംബൈ വ്യോമ പാതയില്‍ രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ കൂട്ടിയിടിയിടില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. വിയറ്റ്‌നാമില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ഫ്രാന്‍സ് വിമാനവും അബുദാബിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പറന്ന ഇത്തിഹാദ് വിമാനവുമാണ് അപകടത്തില്‍നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടത്.

മുംബൈ വ്യോപാതയില്‍ 31,000 അടി ഉയരത്തിലായിരുന്ന ഇത്തിഹാദ് വിമാനം എടിസിയുടെ നിര്‍ദേശ പ്രകാരം 33,000 അടിയിലേക്ക് ഉയരവെ 32,000 അടി ഉയരത്തിലുണ്ടായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തില്‍നിന്ന് കേവലം മൂന്ന് നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ചെന്നെത്തുകയായിരുന്നു. നേര്‍ക്കു നേരായിരുന്നു ഇരു വിമാനങ്ങളും. ഉടന്‍ തന്നെ വിമാനങ്ങളിലെ കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം (ടിസിഎഎസ്) പ്രവര്‍ത്തന ക്ഷമമാകുകയും പൈലറ്റുമാര്‍ സമയോചിത പ്രവര്‍ത്തനം മൂലം അപകടം ഒഴിവാകുകയുമായിരുന്നു.

ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയിട്ടുണ്ടെന്നും സീനിയര്‍ എടിസി ഓഫിസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇന്ത്യപാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച വ്യോമപാത സംഘര്‍ഷത്തിന് അയവു വന്നെങ്കിലും തുറക്കാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഏഴു പ്രാവശ്യമാണ് വ്യോമപാത തുറക്കുന്ന തിയതി പാകിസ്താന്‍ നീട്ടിയത്. തിങ്കളാഴ്ച തുറക്കുമെന്നാണ് ഒടുവിലത്തെ അറിയിപ്പ്.

Tags: