ഇന്ത്യയുടെ എതിര്‍പ്പിനിടെ ഗില്‍ജിത് ബാള്‍ട്ടിസ്താനെ പാകിസ്താന്‍ അഞ്ചാമത്തെ പ്രവിശ്യയാക്കുന്നു

മേഖലയില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയിലെത്തി പ്രഖ്യാപനം നടത്തുമെന്നും കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ കാര്യ മന്ത്രി അലി അമീന്‍ ഗന്ദാപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Update: 2020-09-18 01:32 GMT

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയെ അഞ്ചാമത്തെ പ്രവിശ്യയാക്കാനൊരുങ്ങി പാകിസ്താന്‍. മേഖലയില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയിലെത്തി പ്രഖ്യാപനം നടത്തുമെന്നും കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ കാര്യ മന്ത്രി അലി അമീന്‍ ഗന്ദാപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രഭരണപ്രദേശമായ ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവയ്‌ക്കൊപ്പം ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയും തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ നിരവധി തവണ പാകിസ്താനെ അറിയിച്ചിരുന്നു. അനധികൃതമായി പിടിച്ചടക്കിയ പ്രദേശങ്ങളില്‍ യാതൊരു അവകാശവും ഉന്നയിക്കാന്‍ അവകാശമില്ലെന്നും പാക് അധിനിവേശ കശ്മീരില്‍ മാറ്റം വരുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അനധികൃതമായ എല്ലാ പ്രദേശങ്ങളും പാകിസ്ഥാന്‍ ഉപേക്ഷിക്കണമെന്നും മെയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് പാകിസ്താന്‍ ഗില്‍ജിത് ബാള്‍ട്ടിസ്താനെ രാജ്യത്തെ അഞ്ചാമത്തെ പ്രവിശ്യയായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുള്ള പ്രവിശ്യയായിട്ടായിരിക്കും പ്രഖ്യാപനമെന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രാതിനിധ്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് നവംബര്‍ മധ്യത്തോടെ നടത്തുമെന്നും

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവംബര്‍ പകുതിയോടെ മേഖലയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് വിതരണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം നിയമവിരുദ്ധമായും ബലമായി പിടിച്ചടക്കിയതുമായ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി കരുതുന്ന മേഖലയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കത്തെ ന്യൂഡല്‍ഹി എതിര്‍ത്തു.

'എല്ലാ വിഭാഗങ്ങളോടും കൂടിയാലോചിച്ച ശേഷം ഗില്‍ജിത്ബാള്‍ട്ടിസ്താനിന് ഭരണഘടനാപരമായ അവകാശങ്ങള്‍ നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചു,' മന്ത്രി പറഞ്ഞു, 'അവിടത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ തങ്ങളുടെ സര്‍ക്കാര്‍ തീരുമാനിച്ചു'.-മന്ത്രി വ്യക്തമാക്കി.

ഭരണഘടനാ അവകാശങ്ങള്‍ നല്‍കുമെങ്കിലും ഗോതമ്പിനുള്ള സബ്‌സിഡി ഒഴിവാക്കില്ല. സ്വന്തം കാലില്‍ നില്‍ക്കും വരെ സബ്‌സിഡി സര്‍ക്കാര്‍ അനുവദിക്കും. 73 വര്‍ഷത്തെ ദരിദ്രാവസ്ഥയില്‍ നിന്നുള്ള ഗില്‍ജിത് ബാള്‍ട്ടിസ്താന്റെ മോചനമാണിതെന്നും മന്ത്രി വ്യക്തമാക്കി. ചൈനയും പാകിസ്ഥാനും സംയുക്തമായി നടപ്പാക്കുന്ന ചൈന പാകിസ്താന്‍ എക്കണോമിക് കോറിഡോറിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും ആരോഗ്യം, ടൂറിസം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ സമഗ്ര മേഖലയിലും വികസനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തര്‍ക്കപ്രദേശമായ ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ പാകിസ്ഥാന്റെ പ്രദേശമാണെന്ന് 1999ലാണ് പാക് സുപ്രീം കോടതി ഉത്തരവിട്ടത്. 2009ല്‍ ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ എംപവര്‍മെന്റ് ആന്‍ഡ് സെല്‍ഫ് ഗവേണന്‍സ് ഓര്‍ഡര്‍ കൊണ്ടുവന്നു.

Tags:    

Similar News