അതിര്‍ത്തിയില്‍ പാക് വെടിവയ്പും ഷെല്ലാക്രമണവും; അഞ്ച് സൈനികര്‍ക്ക് പരിക്ക്

ഗ്രാമീണവാസികളെ കവചമാക്കിയാണ് മിസൈലുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും ഇന്ത്യന്‍ സേന സിവിലിയന്‍മാരെ ഒഴിവാക്കി പാകിസ്താന്‍ പോസ്റ്റുകളെയാണ് ലക്ഷ്യമിട്ടതെന്നും സൈനിക വക്താവ് അറിയിച്ചു

Update: 2019-02-26 19:45 GMT

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിനു ബാലാകോട്ടിലൂടെ തിരിച്ചടി നല്‍കിയതിനു പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിവയ്പും ഷെല്ലാക്രമണവും. അഖ്‌നൂര്‍ സെക്ടറിലുണ്ടായ ഷെല്ലാക്രമണത്തില്‍ അഞ്ചു ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും സൈന്യത്തിന്റെ തിരിച്ചടിയില്‍ അഞ്ച് പോസ്റ്റുകള്‍ തകര്‍ത്തെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും സൈന്യം അറിയിച്ചു. പാകിസ്താന്‍ സൈനികര്‍ ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിലാണ് മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഗ്രാമീണവാസികളെ കവചമാക്കിയാണ് മിസൈലുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും ഇന്ത്യന്‍ സേന സിവിലിയന്‍മാരെ ഒഴിവാക്കി പാകിസ്താന്‍ പോസ്റ്റുകളെയാണ് ലക്ഷ്യമിട്ടതെന്നും സൈനിക വക്താവ് അറിയിച്ചു.


ബാലാകോട്ടില്‍ ജെയ്‌ഷെ മുഹമ്മദ് പരിശീലന താവളങ്ങള്‍ ആക്രമിക്കപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ ആക്രമണം തുടങ്ങിയത്. വൈകീട്ട് 6.30ഓടെ പാകിസ്താന്‍ സേന വന്‍ ആയുധങ്ങളുമായാണ് ആക്രമണം നടത്തിയത്. ജമ്മു, രജൗറി, പൂഞ്ച് ജില്ലകളിലെ 12 മുതല്‍ 15 വരെ സ്ഥലങ്ങളില്‍ ആക്രമണം നടത്തി. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗഡി, ബാലാകോട്ട്, ഖാരി കര്‍മാര, മാന്‍കോട്ട്, ടാര്‍കണ്ഡി, രജൗറിയിലെ കലാല്‍, ബാബാ കോറി, കാല്‍ഷ്യാന്‍, ലാം, ജംഗാര്‍, ജമ്മുവിലെ പല്ലേന്‍വാല, ലാലേലി എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. പൂഞ്ച്, മെന്താര്‍, നൗഷിര സെക്ടറുകളിലും പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. കഴിഞ്ഞ എട്ടു ദിവസത്തിനിടെ ഏഴാം തവണയാണ് അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 3000ത്തോളം ആക്രമണങ്ങള്‍ നടത്തിയതായും ഇത് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും സൈന്യം അറിയിച്ചു. 2003ല്‍ തുടര്‍ച്ചയായി നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, നിയന്ത്രണരേഖയിലുണ്ടായ വെടിവയ്പും ഷെല്ലാക്രമണവും കാരണം അതിര്‍ത്തിപ്രദേശങ്ങളിലുള്ളവര്‍ ഭീതിയിലാണെന്നു പിടിഐ റിപോര്‍ട്ട് ചെയ്തു.




Tags:    

Similar News