പി മോഹനന്റേത് നാട്ടില്‍ കുഴപ്പുമുണ്ടാക്കുന്ന പ്രസ്താവനയെന്ന് എം എന്‍ കാരശ്ശേരി

സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലും മാവോയിസ്റ്റ് പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടത് കണ്ടെത്താനവാത്തവര്‍ക്ക് പാര്‍ട്ടി നടത്താന്‍ യോഗ്യതയില്ല

Update: 2019-11-19 06:57 GMT

കോഴിക്കോട്: നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നതും സാമുദായിക വിഭജനമുണ്ടാക്കുന്നതുമായ പ്രസ്താവനയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ നടത്തിയതെന്നു എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ എം എന്‍ കാരശ്ശേരി. മാവോവാദികളെ പ്രോല്‍സാഹിപ്പിക്കുന്നത് മുസ് ലിം തീവ്രവാദ സംഘടനകളാണെന്ന പി മോഹനന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് വേണ്ടാത്തവരെ മാവോയിസ്റ്റുകളും മുസ് ലിം തീവ്രവാദികളുമാക്കുന്നത് ആ പാര്‍ട്ടിയില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. അഭിമന്യൂ വധവുമായി ബന്ധപ്പെട്ട് എത്ര പേര്‍ പിടിയിലായി. സിസിടിവി ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലും മാവോയിസ്റ്റ് പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടത് കണ്ടെത്താനവാത്തവര്‍ക്ക് പാര്‍ട്ടി നടത്താന്‍ യോഗ്യതയില്ല. സിപിഎമ്മിന് വേണ്ടവരെ പിടികൂടാനും രക്ഷപ്പെടുത്താനും അവര്‍ക്ക് സാധിക്കുന്നുണ്ട്. പാര്‍ട്ടിക്ക് സംസ്ഥാന പോലിസിനേക്കാളും വലിയ അന്വേഷണ കമ്മീഷനൊക്കെയുണ്ട് എന്നാണ് സിപിഎം അവകാശപ്പെടുന്നത്. എന്നിട്ട് പോലും സ്വന്തം പാര്‍ട്ടിയിലെ വ്യതിയാനം കണ്ടുപിടിക്കാന്‍ കഴിയുന്നില്ലെന്നത് അവരുടെ പരാജയമാണ്. യുഎപിഎ ചുമത്തരുതെന്നാണ് സിപിഎം പിബി പോലും വ്യക്തമാക്കുമ്പോള്‍ വായിക്കുന്നവരേയും ലഘുലേഖ കൈവശം വയ്ക്കുന്നവര്‍ക്കുമെതിരേ ഇവിടെ സിപിഎം യുഎപിഎ ചുമത്തുകയാണ്. പാര്‍ട്ടി നയം പോലിസ് നടപ്പാക്കുകയാണോ, പോലീസ് നയം പാര്‍ട്ടി നടപ്പാക്കുകയാണോ എന്നു വ്യക്തമാവുന്നില്ല. എതായാലും വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെന്നും കാരശ്ശേരി പറഞ്ഞു.




Tags:    

Similar News