'അധികാരം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാവില്ല'; പോപുലര്‍ ഫ്രണ്ട് നിരോധനം ജനാധിപത്യ വിരുദ്ധം: എം എന്‍ കാരശ്ശേരി

നിരോധിച്ച നടപടിക്ക് താന്‍ എതിരാണെന്നും പോപുലര്‍ ഫ്രണ്ട് മുന്നോട്ട് വെക്കുന്ന ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.

Update: 2022-09-28 05:17 GMT

കോഴിക്കോട്: അധികാരം കൊണ്ടോ ആയുധം കൊണ്ടോ ഒരു ആശയത്തെയും ഇല്ലാതാക്കാനാകില്ലെന്നും പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിക്ക് താന്‍ എതിരാണെന്നും എം എന്‍ കാരശ്ശേരി. പോപുലര്‍ ഫ്രണ്ട് മുന്നോട്ട് വെക്കുന്ന ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തത്വത്തോടും പ്രയോഗത്തോടും തീര്‍ത്തും എതിര്‍പ്പുള്ളയാളാണ് താന്‍. പക്ഷേ, ആ സംഘടനയെ എന്നല്ല, ഏത് സംഘടനയെ നിരോധിക്കുന്നതും ജനാധിപത്യ വിരുദ്ധമായ ഒരു നിലപാടാണ്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുക, അധികാരം കൊണ്ടോ ആയുധം കൊണ്ടോ നേരിടാന്‍ പാടില്ല. ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസ്സിനെ നിരോധിച്ചിരുന്നു, അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടായോ. അടിയന്തിരാവസ്ഥ കാലത്ത് വീണ്ടും നിരോധിച്ചു. വല്ല പ്രയോജനവും ഉണ്ടായോ' പോപുലര്‍ ഫ്രണ്ട് നിരോധനത്തെ കുറിച്ച് മീഡിയവണ്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഇവിടെ ഹിന്ദു തീവ്രവാദമുണ്ട് അതിന് മറുപടിയായി മുസ്ലിം തീവ്രവാദം എന്നതാണ് പോപുലര്‍ ഫ്രണ്ടിന്റെ തത്വം. ഹിന്ദു തീവ്രവാദത്തിന് മറുപടിയായി ജനാധിപത്യമാണ് ഉണ്ടാകേണ്ടത്'- കാരശ്ശേരി തുടര്‍ന്നു. ഏത് ആശയത്തിനും പ്രചരിക്കാനും പ്രചരിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അതിനെ ആശയപരമായാണ് നേരിടേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Tags:    

Similar News