പി ലിയാഖത്തലി തൃക്കരിപ്പൂരില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥി

Update: 2021-03-08 12:50 GMT

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പ്രദേശത്തുകാര്‍ക്ക് സുപരിചിതനായ പി ലിയാഖത്തലിയെ രംഗത്തിറക്കി എസ്ഡിപി ഐ. സംസ്ഥാന കമ്മിറ്റി ആദ്യപട്ടിക പ്രഖ്യാപിച്ചപ്പോള്‍ തന്നെ ലിയാക്കത്തലിയുടെ പേര് പുറത്തുവിട്ടിട്ടുണ്ട്. മണ്ഡലത്തില്‍പ്പെട്ട തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ചൊവ്വേരി സ്വദേശിയായ പി ലിയാഖത്തലി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതു രംഗത്തേക്ക് കടന്നുവന്നത്. പോപുലര്‍ ഫ്രണ്ടി ഓഫ് ഇന്ത്യയുടെ യൂനിറ്റ് തലം മുതല്‍ ഡിവിഷന്‍ തലം വരെയുള്ള ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ എസ്ഡിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റാണ്. ഹിറ്റാച്ചി ഫുട്‌ബോള്‍ ക്ലബ്ബ്, തങ്കയം ഇസ്സത്തുല്‍ ഇസ് ലാം മഹല്ല് ജമാഅത്ത് തുടങ്ങിയവയുടെ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. രണ്ടുതവണ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ ടൗണ്‍ വാര്‍ഡില്‍ നിന്ന് മല്‍സരിക്കുകയും പ്രധാന മുന്നണികള്‍ക്കെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

    രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും സാമൂഹിക-സാംസ്‌കാരിക-മത രംഗങ്ങളിലെ സജീവ സാന്നിധ്യവുമാണ്. നാടിനും സമൂഹത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ എന്നും മുന്‍നിരയിലുണ്ടായിരുന്നു. സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരം, കര്‍ഷക സമരം, സാമ്പത്തിക സംവരണത്തിനെതിരായ പ്രക്ഷോഭം, ആര്‍എസ്എസ് ഹിന്ദുത്വ അജണ്ട തുറന്നു കാട്ടുന്നതിനു വേണ്ടിയുള്ള നിരവധി സമരങ്ങള്‍, പ്രവാസികള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ തുടങ്ങി പ്രാദേശികമായി നടന്ന നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് മരുന്ന് വിതരണം, ഭക്ഷ്യ വസ്തുക്കളുടെ വിതരണം, അണുനശീകരണ പ്രവര്‍ത്തനം തുടങ്ങിയവയിലും പി ലിയാക്കത്തലി മുന്‍നിരയിലുണ്ടായിരുന്നു. സഹായം ചോദിച്ചെത്തുന്നവര്‍ക്ക് ഏത് പാതിരാത്രിയിലും ആശ്രയിക്കാവുന്ന സന്നദ്ധപ്രവര്‍ത്തകനാണ് പി ലിയാഖത്തലി എന്ന കാര്യം നാട്ടുകാര്‍ മുഴുവന്‍ അംഗീകരിക്കുന്നു.

    തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തായിനേരി ഹൈസ്‌കൂള്‍, തൃക്കരിപ്പൂര്‍ എസ്എസ് കോളജ് എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. അബ്ദുല്ല കോളേത്തിന്റെയും പി മറിയുമ്മയുടെയും മകനാണ്. ഭാര്യ: ഷബീന എ പി. മക്കള്‍: മുഹമ്മദ് അലി, മുനവ്വറലി, ജൗഹര്‍ അലി, ആമിന അലി. നീലേശ്വരം മുനിസിപ്പാലിറ്റിയിലും പടന്ന, തൃക്കരിപ്പൂര്‍, വലിയ പറമ്പ പഞ്ചായത്തുകളിലും എസ്ഡിപിഐ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളില്‍ സജീവവും വ്യക്തമായ വികസന ബദല്‍ കാഴ്ച്ചപ്പാടുള്ള യുവ സ്ഥാനാര്‍ത്ഥി പി ലിയാക്കത്തലിയെ ഇറക്കി വന്‍ മുന്നേറ്റം നടത്താന്‍ എസ്ഡിപിഐ തയ്യാറെടുക്കുന്നത്.

P Liyakathali is the SDPI candidate in Thrikkarippur




Tags: