സഫൂറ സര്‍ഗര്‍ ഉള്‍പ്പടെ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണം; അമിത് ഷാക്ക് അന്താരാഷ്ട്ര സംഘടനകളുടെ കത്ത്

മനുഷ്യാവകാശങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന, ഭിന്നാഭിപ്രായവും മാധ്യമ സ്വാതന്ത്ര്യവും തടയുന്ന യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം നിരന്തരമായി ദുരുപയോഗം ചെയ്യുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് അയച്ച തുറന്ന കത്തില്‍ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു.

Update: 2020-06-04 04:47 GMT

ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ തടവിലായ 11 മനുഷ്യാവകാശ സംരക്ഷകരെയും നാല് മാസം ഗര്‍ഭിണിയായ സഫൂറ സര്‍ഗര്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റുകളെയും അടിയന്തരമായി നിരുപാധികം മോചിപ്പിക്കണമെന്ന് 25 പ്രമുഖ ദേശീയ-അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ കൊവിഡ് 19 പശ്ചാത്തലത്തില്‍ ഗര്‍ഭിണിയടക്കം ജയിലില്‍ കഴിയുന്നവരുടെ ജീവന്‍ ഗുരുതരമായ ഭീഷണിയിലാണ്. മനുഷ്യാവകാശങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന, ഭിന്നാഭിപ്രായവും മാധ്യമ സ്വാതന്ത്ര്യവും തടയുന്ന യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം നിരന്തരമായി ദുരുപയോഗം ചെയ്യുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് അയച്ച തുറന്ന കത്തില്‍ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു.

പ്രമുഖ ആഗോള മനുഷ്യാവകാശ സംഘടനകളായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, റിപ്പോര്‍ട്ടേഴ്‌സ് വിത്ഔട്ട് ബോര്‍ഡേര്‍സ്(ആര്‍എസ്എഫ്), ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡെമോക്രസി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് സ്റ്റഡീസ്, ആര്‍ട്ടിക്കിള്‍ 19 ബംഗ്ലാദേശ്-ദക്ഷിണേഷ്യ, ഏഷ്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ഡവലപ്‌മെന്റ് (ഫോറംഏഷ്യ), എത്യോപ്യയിലെ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എഎച്ച്ആര്‍ഇ), സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, ഉക്രെയ്ന്‍, ഇനീഷേറ്റീവ് ദി സോളിഡാരിറ്റി ഇന്റര്‍നാഷണല്‍(സിഇഡിഇടിഐഎം ഫ്രാന്‍സ്, ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്, മനുഷ്യാവകാശ സംരക്ഷകരുടെ നിരീക്ഷണ കേന്ദ്രം തുടങ്ങിയ 25 സംഘടനകളാണ് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്.

വിവേചനപരമായ പൗരത്വ നിയമത്തിനെതിരേ സമാധാനപരമായി സമരം ചെയ്തതിന് വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ചത് നിയമ വിരുദ്ധമാണെന്ന് സംഘടനകള്‍ കത്തില്‍ കുറ്റപ്പെടുത്തി. കൊവിഡ് പകര്‍ച്ചാവ്യാധി പടരുന്ന സാഹചര്യത്തില്‍ സമാധാനപരിമായി സമരം ചെയ്തവരെ ജയിയില്‍ അടച്ചത് അവരുടെ ജീവന് തന്നെ ഭീഷണിയാണെന്നും കത്തില്‍ പറഞ്ഞു.

സര്‍ഗര്‍, ഹൈദര്‍, റഹ്മാന്‍ എന്നിവര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായത്. കലാപം, നിയമവിരുദ്ധമായ കൂടിചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    

Similar News