ഡാമുകള്‍ 95 ശതമാനവും നിറഞ്ഞു; ഇറാന്‍ മഹാപ്രളയത്തിന്റെ വക്കില്‍

പ്രളയം ഗുരുതരമായി ബാധിച്ച പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയില്‍ രണ്ടാഴചയ്ക്കുള്ളില്‍ 47 പേരാണ് രാജ്യത്ത് മരിച്ചത്.

Update: 2019-04-06 15:20 GMT

തെഹ്‌റാന്‍: പ്രളയം വിഴുങ്ങിക്കൊണ്ടിരിക്കുന്ന തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസിസ്താനിലെ 70ലേറെ ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ ഇറാന്‍ അധികൃതര്‍ ഉത്തരവിട്ടു. പ്രളയം ഗുരുതരമായി ബാധിച്ച പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയില്‍ രണ്ടാഴചയ്ക്കുള്ളില്‍ 47 പേരാണ് രാജ്യത്ത് മരിച്ചത്.



പ്രളയജലം തെക്കോട്ട് കുത്തിയൊലിച്ച് വരുന്ന സാഹചര്യത്തില്‍ ഖുസിസ്താനിലെ പല ഗ്രാമങ്ങളും മുങ്ങുമെന്ന് ഇറാന്‍ റെഡ് ക്രസന്റ് മേധാവി അലി അസ്ഗര്‍ പേവന്തി പറഞ്ഞു. ഡാമുകള്‍ നിറഞ്ഞു കവിയാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷത്തോളം പേരെ മാറ്റി താമസിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഖുസിസ്താനില്‍ നിരവധി ഡാമുകള്‍ ഉണ്ടെങ്കിലും അവയെല്ലാം അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ചിലതില്‍ പരമാവധി ജലനിരപ്പ് എത്താന്‍ 70 സെന്റീമീറ്റര്‍ കൂടിയേ ബാക്കിയുള്ളു. ഡാമുകള്‍ 95 ശതമാനത്തോളം നിറഞ്ഞതായി പ്രവിശ്യാ ഗവര്‍ണര്‍ ഗുലാംറിസ ശരീഅത്തി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. റോഡുകള്‍ മിക്കതും ഒലിച്ചുപോയി. ഗ്രാമങ്ങളിലെ കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റും ആളുകള്‍ രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണ്. 

Tags: