ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകം: അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്, 2 ലക്ഷം രൂപ പിഴ
പ്രതികളായ പോള്‍സണ്‍, സഹോദരന്‍ സാലിഷ്, ഷിബു, അജേഷ് വിജേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ മൂന്നുപേരെ വെറുതെ വിട്ടിരുന്നു.
ആലപ്പുഴ: ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവുശിക്ഷ. കേസിലെ അഞ്ച് പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
പ്രതികളായ പോള്‍സണ്‍, സഹോദരന്‍ സാലിഷ്, ഷിബു, അജേഷ് വിജേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ മൂന്നുപേരെ വെറുതെ വിട്ടിരുന്നു. ബൈക്കില്‍ യാത്ര ചെയ്യൂകയായിരുന്ന പട്ടണക്കാട് സ്വദേശികള്‍ ആയ ജോണ്‍സന്‍, സുബിന്‍ എന്നിവരെ ഒറ്റമശേരി ഭാഗത്തുവച്ച് ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. 2015 നവംബര്‍ 11 നാണു കേസിന് ആസ്പദമായ കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട ജോണ്‍സനോടുള്ള ഒന്നാം പ്രതി പോള്‍സന്റെ മുന്‍വൈരാഗ്യം ആണ് കൊലയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചു. ഒന്നാം പ്രതിയുടെ സഹോദരന്‍ സാലിഷ്, ലോറി െ്രെഡവര്‍ ഷിബു, സഹോദരങ്ങളായ അജേഷ്, വിജേഷ് എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി കോടതി കണ്ടെത്തിയത്. കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം ആയിരുന്നു പ്രതികള്‍ ആസൂത്രണം ചെയ്തത്.