സുധാകരനെ സിപിഎം ഭയക്കുന്നു;മുഖ്യമന്ത്രി ശ്രമിക്കുന്നത് മരംകൊള്ള വിവാദം മറയ്ക്കാന്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

വാരികയില്‍ അച്ചടിച്ചുവന്ന ഒരു കാര്യവുമില്ലാത്ത വിഷയം പെരുപ്പിച്ച് വൈകുന്നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കുന്ന കസേരയുടെ വിലയറിയാതെയാണ് 40 മിനിട്ടോളം അദ്ദേഹം സംസാരിച്ചത്.കേരളത്തെ ഞെട്ടിച്ച മരംകൊള്ളക്കേസില്‍ നിന്നും ശ്രദ്ധ തിരിയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള ശ്രമം കൊണ്ട് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും മരം കൊള്ള വിവാദം ഇല്ലാതാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Update: 2021-06-19 10:09 GMT

കൊച്ചി: കെ സുധാകരനെ സിപി എം ഭയക്കുന്നുവെന്നും കേരളത്തെ പിടിച്ചുകൂലുക്കിയ വനം കൊള്ള വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് അനവാശ്യമായ വിഷയം ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എംഎല്‍എ.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വാരികയില്‍ അച്ചടിച്ചുവന്ന ഒരു കാര്യവുമില്ലാത്ത വിഷയം പെരുപ്പിച്ച് വൈകുന്നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കുന്ന കസേരയുടെ വിലയറിയാതെയാണ് 40 മിനിട്ടോളം അദ്ദേഹം സംസാരിച്ചത്.താന്‍ പറയാത്ത കാര്യങ്ങളാണ് ആഴ്ചപതിപ്പില്‍ അഭിമുഖത്തില്‍ വന്നതെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു.അഭിമുഖം അച്ചടിച്ചു വന്നതിനു ശേഷം ഇതിനെതിരെ എഡിറ്റര്‍ക്ക് പരാതി നല്‍കിയ വിവരം സുധാകരന്‍ തന്നോട് പറഞ്ഞിരുന്നു.ഏത് ആഴ്ച പതിപ്പിലാണോ വന്നത് അതേ ആഴ്ചപതിപ്പില്‍ തന്നെ മറുപടി നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്.അത് ചെയ്യാതെ 40 മിനിറ്റോളം എടുത്ത് പ്രധാനപ്പെട്ട ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറയുകയല്ലായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

രാഷ്ട്രീയക്കാര്‍ സൗഹൃദത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതയമാണ് തകരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനം കാണുന്നത് കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണെന്നും സതീശന്‍ പറഞ്ഞു.അനാവശ്യമായ വിഷയം ചര്‍ച്ച ചെയ്ത് സമയം കളയരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.കേരളത്തെ ഞെട്ടിച്ച മരംകൊള്ളക്കേസില്‍ നിന്നും ശ്രദ്ധ തിരിയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള ശ്രമം കൊണ്ട് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും മരം കൊള്ള വിവാദം ഇല്ലാതാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

യുഡിഎഫ് സംഘങ്ങള്‍ വയനാടും മറ്റു ജില്ലകളും സന്ദര്‍ശിച്ചിരുന്നു.ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് രംഗത്തുണ്ടാകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.തുടര്‍ സമരത്തിന്റെ ഭാഗമായി 24 ന് രാവിലെ എല്ലാ മണ്ഡലത്തിലും വനം കൊള്ളയ്‌ക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമരം നടത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കെ സുധാകരനെ സിപിഎം ഭയക്കുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.സുധാകരന്‍ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതുമുതല്‍ അദ്ദേത്തിനെതിരെ സിപിഎം രംഗത്തുവരികയായിരുന്നു.സുധാകരനെ സിപിഎം വല്ലാതെ ഭയപ്പെടുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. അല്ലെങ്കില്‍ പിന്നെയെന്തിനാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്റെ പേരു പറഞ്ഞപ്പോള്‍ തന്നെ സിപിഎം നേതാക്കള്‍ രംഗത്ത് വന്നതെന്നും സതീശന്‍ ചോദിച്ചു.യുഡിഎഫ് കണ്‍വീനറെ മാറ്റണോ വേണ്ടയോ എന്ന് കോണ്‍്ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി വി ഡി സതീശന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ കാര്യത്തില്‍ എല്ലാ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്തിട്ടേ തീരുമാനിക്കുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Tags:    

Similar News