കേന്ദ്രസര്‍ക്കാരിനെ നക്ഷത്രമെണ്ണിച്ച കര്‍ഷക സമരത്തിന് ഒരു വയസ്സ്; താങ്ങുവില നിയമമില്ലെങ്കില്‍ സമരം തുടരുമെന്ന് കര്‍ഷകര്‍

കാര്‍ഷികനിയമങ്ങള്‍ പാര്‍ലമെന്റില്‍ റദ്ദാക്കിയ ശേഷവും വിളകള്‍ക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പും ലഭിച്ചെങ്കിലേ അതിര്‍ത്തികളില്‍നിന്നു മടങ്ങിപ്പോവൂവെന്നാണ് കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം.

Update: 2021-11-26 02:31 GMT

ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ രാജ്യതലസ്ഥാനാതിര്‍ത്തികള്‍ സ്തംഭിപ്പിച്ച ഐതിഹാസിക കര്‍ഷകപ്രക്ഷോഭത്തിന് വെള്ളിയാഴ്ച ഇന്ന് ഒരു വര്‍ഷം.കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ദില്ലി ചലോ മാര്‍ച്ച് 27നാണ് ഡല്‍ഹി അതിര്‍ത്തിലെ സിംഗുവില്‍ എത്തിയത്. സമരക്കാരെ അതിര്‍ത്തിയില്‍ പോലിസ് തടയുകയായിരുന്നു.

ഇതോടെ കര്‍ഷകര്‍ സിംഗുവില്‍ തമ്പടിച്ച് സമരം തുടരുകയായിരുന്നു. അതിന് പിന്നാലെ ഡല്‍ഹിയുടെ മറ്റ് അതിര്‍ത്തികളായ ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലേക്കും കര്‍ഷകര്‍ എത്തിയതോടെ സമരം കൂടുതല്‍ ശക്തമായി. സംഭവബഹുലമായിരുന്നു ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ പോരാട്ടം. യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് വരാനിരിക്കെ കഴിഞ്ഞ 19ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം എംഎസ്പി അടക്കം കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് സമരം കടുപ്പിക്കുകയാണ് കര്‍ഷകര്‍. നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ സമരവാര്‍ഷികം ആഘോഷമാക്കാന്‍ ആയിരക്കണക്കിനു കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തി. രാജ്യമെമ്പാടും റാലികളും പ്രകടനങ്ങളും അരങ്ങേറുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഡല്‍ഹി അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളില്‍ വാര്‍ഷികപരിപാടികള്‍ നടക്കും. മറ്റു സംസ്ഥാനങ്ങളില്‍ യൂണിയന്റെ നേതൃത്വത്തില്‍ പ്രധാന ദേശീയപാതകള്‍ ഉപരോധിക്കും. തമിഴ്‌നാട്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച പ്രതിഷേധങ്ങളും സംഘടിപ്പിക്കും. റായ്പുരിലും റാഞ്ചിയിലും ട്രാക്ടര്‍ റാലികളുണ്ടാവും. കൊല്‍ക്കത്തയില്‍ റാലി നടക്കുമെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം താങ്ങുവിലക്കായി നിയമം കൂടി കൊണ്ടുവന്നാല്‍ മാത്രമെ സമരം അവസാനിപ്പിക്കൂ എന്നതാണ് കര്‍ഷകരുടെ നിലപാട്.കൃഷി ചെലവിന്റെ ഒന്നര ഇരട്ടി വരുമാനം കര്‍ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അതേസമയം, താങ്ങുവിലക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കൃഷിക്കായി ആകെ വരുന്ന ചെലവ് 100 രൂപയാണെങ്കില്‍ 150 രൂപയുടെ വരുമാനം കാര്‍ഷികോല്പന്നങ്ങളിലൂടെ കര്‍ഷകന് ഉണ്ടാകണം എന്നതായിരുന്നു എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ 2006ല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. ഇതുപ്രകാരം താങ്ങുവില നിശ്ചയിച്ചാല്‍ ഒരു ക്വിന്റല്‍ നെല്ലിന് ഇന്ന് കിട്ടുന്ന തുകയേക്കാള്‍ 650 രൂപ കര്‍ഷകന് അധികം ലഭിക്കും. ഒരു ക്വിന്റല്‍ പരിപ്പിന് ഇപ്പോള്‍ കിട്ടുന്ന 6500 രൂപ 7936 രൂപയായി ഉയരും. ഈ രീതിയില്‍ ചെലവിന്റെ 50 ശതമാനമെങ്കിലും വരുമാനം ഉറപ്പാക്കുന്ന തരത്തില്‍ താങ്ങുവില നിയമം കൊണ്ടുവരണം. കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയില്‍ കുറച്ച് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നത് കുറ്റകരമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു

ഓരോ സംസ്ഥാനങ്ങളിലും ഭക്ഷ്യധാന്യ സംഭരണത്തിന് വ്യത്യസ്ഥ രീതികളാണ് നിലവിലുള്ളത്. കൃഷി ചെലവും കൃഷി രീതികളും വ്യത്യസ്ഥമാണ്. അതിനെ എകീകരിക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കാം എന്നതിനപ്പുറത്ത് ഉല്പന്നങ്ങളുടെ വില നിശ്ചയിച്ചുള്ള നിയമം പ്രായോഗികമല്ല. മാത്രമല്ല, നിശ്ചിത വിലയില്‍ കുറഞ്ഞ് ഉല്പന്നങ്ങള്‍ വാങ്ങാനാകില്ല എന്നത് നിയമമായാല്‍ അത് കാര്‍ഷിക വ്യാപാര മേഖലയെ ബാധിക്കുമെന്നും കേന്ദ്രം വാദിക്കുന്നു.

കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണ് ഈ നിലപാടെന്ന് കര്‍ഷകര്‍ വിമര്‍ശിക്കുമ്പോള്‍ സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഇടയിലെ ദൂരം വീണ്ടും കൂടുകയാണ്. 29ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. താങ്ങുവിലക്കായി അത്തരം എന്തെങ്കിലും നീക്കം ഇതുവരെ സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല. അതിനാല്‍ ഈ സമ്മേളന കാലത്ത് നിര്‍ണായകമാകും കര്‍ഷകരുടെ നീക്കങ്ങള്‍.

കാര്‍ഷികനിയമങ്ങള്‍ പാര്‍ലമെന്റില്‍ റദ്ദാക്കിയ ശേഷവും വിളകള്‍ക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പും ലഭിച്ചെങ്കിലേ അതിര്‍ത്തികളില്‍നിന്നു മടങ്ങിപ്പോവൂവെന്നാണ് കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം. 2020 ജൂണ്‍ അഞ്ചിന് കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തതിനെ ത്തുടര്‍ന്നാണ് കര്‍ഷകപ്രക്ഷോഭത്തിന്റെ തുടക്കം. ജൂണ്‍ ആറിന് കിസാന്‍സഭ ഓര്‍ഡിനന്‍സ് കോപ്പികള്‍ കത്തിച്ച് പ്രതിഷേധിച്ചു. ആഗസ്ത് ഒമ്പതിന് 250 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭവും സംഘടിപ്പിച്ചു. പഞ്ചാബില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ (ഏകതാഉഗ്രഹാന്‍) ഉള്‍പ്പെടെയുള്ള കര്‍ഷകസംഘടനകളും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി.

സെപ്റ്റംബറില്‍ ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കി കാര്‍ഷികനിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ കര്‍ഷകരോഷം തിളച്ചുമറിഞ്ഞു. കര്‍ഷകസംഘടനകള്‍ പരസ്പരഭിന്നത മറന്ന് ഒക്ടോബര്‍ 27ന് ഡല്‍ഹിയിലെ റക്കബ്ഗഞ്ജ് ഗുരുദ്വാരയില്‍ കര്‍ഷകസമ്മേളനം വിളിച്ചുചേര്‍ത്തു. ഈ യോഗത്തില്‍ അഞ്ഞൂറ് കര്‍ഷകസംഘടനകളുമായി സംയുക്ത കിസാന്‍ മോര്‍ച്ച എന്ന സമരമുന്നണി പിറവിയെടുത്തു. ഈ മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ഡല്‍ഹി ചലോ മാര്‍ച്ചും തുടര്‍ന്ന് ഇപ്പോഴും തുടരുന്ന ഉപരോധവും.

Similar News