മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ് ഇടിഞ്ഞുവീണു

400 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് തകര്‍ന്നുവീണത്.

Update: 2019-09-10 13:54 GMT

കൊച്ചി: കേരളത്തിലെ ജൂതചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ് മഴയില്‍ തകര്‍ന്നു. കാലങ്ങളായി പരിപാലിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ചൊവ്വാഴ്ച ഉച്ചയോടെ മഴയില്‍ തകര്‍ന്നുവീഴുകയായിരുന്നു. 400 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് തകര്‍ന്നുവീണത്.

ചരിത്ര സ്മാരകമായ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് പരിപാലിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കറുത്ത ജൂതപ്പള്ളി സ്വദേശികളായ ജൂതന്‍മാര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള ഇടമായിരുന്നു. എന്നാല്‍, വര്‍ഷങ്ങളായി ഇവിടെ പ്രാര്‍ത്ഥനളൊന്നും നടക്കുന്നില്ല. പള്ളിയുടെ മുഖപ്പ് ഉള്‍പ്പെടെ ആളുകള്‍ എടുത്തുകൊണ്ടുപോയതായി പ്രദേശവാസികള്‍ പറഞ്ഞു.

ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശീയരില്‍ ജനിച്ചവരെയാണ് കറുത്ത ജൂതര്‍ എന്ന് വിളിച്ചിരുന്നത്. ഇവര്‍ക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കാരെ ഇത് നാശത്തിന്റെ വക്കിലായിരുന്നു. ഇടക്കാലത്ത് ഇതിന്റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.

Tags: