ശിശുദിനത്തിലും ഇസ്രായേല്‍ ജയിലില്‍ കഴിയുന്നത് 140 ഫലസ്തീന്‍ കുരുന്നുകള്‍

ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് പുറത്തുവിട്ട റിപോര്‍ട്ടിലാണ് കുട്ടികളെ പോലും വെറുതെവിടാത്ത സയണിസ്റ്റ് ക്രൂരത വെളിപ്പെടുത്തിയത്.

Update: 2021-04-06 15:39 GMT

വെസ്റ്റ്ബാങ്ക്: ദേശീയ ശിശു ദിനം കഴിഞ്ഞ ദിവസമാണ് ഫലസ്തീന്‍ ആഘോഷിച്ചത്. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ അഞ്ചിന്. ചെറിയ ചെറിയ ആഘോഷപരിപാടികളും ചടങ്ങുകളുമായി ഗസാ മുനമ്പും വെസ്റ്റ് ബാങ്കും ദേശീയ ശിശുദിനത്തെ വരവേറ്റപ്പോള്‍ തന്നെ മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിച്ച് ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 140ലധികം ബാലന്‍മാരെക്കുറിച്ച് ഓര്‍ത്ത് നിരവധി ഫലസ്തീനികള്‍ കണ്ണുനീര്‍ വാര്‍ക്കുകയായിരുന്നു.

ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് പുറത്തുവിട്ട റിപോര്‍ട്ടിലാണ് കുട്ടികളെ പോലും വെറുതെവിടാത്ത സയണിസ്റ്റ് ക്രൂരത വെളിപ്പെടുത്തിയത്. 140 കുട്ടികളാണ് ഇസ്രായേല്‍ തടവറകളില്‍ നരകയാതന അനുഭവിക്കുന്നത്.

ഇതില്‍ രണ്ട് പേര്‍ ഭരണകൂടത്തിന്റെ നേരിട്ടുളള തടങ്കലിലാണ്. എല്ലാ വര്‍ഷവും 500നും 700നും ഇടയില്‍ കുട്ടികളെയാണ് ഇസ്രായേല്‍ സൈനിക കോടതി വിചാരണ ചെയ്യുന്നത്. മാര്‍ച്ച് 21 വരെയുള്ള കണക്ക് പ്രകാരം 230 ഫലസ്തീന്‍ കുട്ടികളെയാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം അറസ്റ്റ് ചെയ്തത്. ഇതില്‍ കൂടുതല്‍ പേരെയും ജറൂസലേമില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ എല്ലാവരും 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവരാണ്.

ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനി ബാലന്‍മാരെ പീഡിപ്പിക്കുകയും ഇസ്രായേല്‍ സേന അവരെ നിരന്തരം അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് മുന്‍ യു.എസ് സെനറ്റ് ഉദ്യോഗസ്ഥനായ ഡിലാന്‍ വില്യംസ് ചൂണ്ടിക്കാട്ടുന്നു.ഇവിടങ്ങളില്‍ യുഎസ് സൈനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് യുഎസ് നിയമത്തിന്റെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Tags: