മുംബൈയില്‍ സ്ത്രീയെ നടുറോഡില്‍ തല്ലിച്ചതച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകര്‍ (വീഡിയോ)

Update: 2022-09-01 13:37 GMT

മുംബൈ: മുംബൈയില്‍ നടുറോഡില്‍ സ്ത്രീയെ ക്രൂരമായി തല്ലിച്ചതച്ചു. താജ് താക്കറെയുടെ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ പ്രവര്‍ത്തകര്‍ സ്ത്രീയെ മര്‍ദ്ദിക്കുന്നതിന്റെയും തള്ളിത്താഴെയിടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രദേശത്ത് മരുന്നുകട നടത്തുന്ന പ്രകാശ് ദേവിയെന്ന സ്ത്രീയാണ് മര്‍ദ്ദനത്തിനിരയായത്. തന്റെ കടയുടെ മുന്നില്‍ എംഎന്‍എസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

ആഗസ്റ്റ് 28ന് എംഎന്‍എസ് പാര്‍ട്ടി നേതാവ് വിനോദ് അര്‍ജിലിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് പേരുകേട്ട മുംബാ ദേവി പ്രദേശത്ത് പരസ്യബോര്‍ഡുകള്‍ക്കായി മുളന്തണ്ടുകള്‍ സ്ഥാപിക്കുകയായിരുന്നു. തന്റെ മരുന്നുകടയുടെ മുന്നില്‍ തൂണ്‍ സ്ഥാപിക്കരുതെന്ന് പ്രകാശ് ദേവി ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ പ്രകാശ് ദേവിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അടിക്കുകയും തള്ളിത്താഴെയിടുകയുമായിരുന്നു. അടിയേറ്റ് റോഡില്‍ വീഴുമ്പോഴും വഴിയാത്രക്കാര്‍ നോക്കിനില്‍ക്കുന്നതല്ലാതെ രക്ഷയ്ക്കായി ആരുമെത്തുന്നില്ല.

മര്‍ദ്ദനത്തിന്റെ 80 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തന്നെ ശാരീരികമായി ആക്രമിക്കുക മാത്രമല്ല, എംഎന്‍എസ്സുകാര്‍ തന്നെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന് അവര്‍ പ്രതികരിച്ചു. ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ആഗസ്ത് 31 നാണ് ഇവര്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് കേസെടുത്തതായി പോലിസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവം സംബന്ധിച്ച് എംഎന്‍എസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: