ഊണിന്റെ വില തികച്ച് നല്‍കാനായില്ല; ആദിവാസി യുവാവിനെ ഹോട്ടല്‍ ഉടമയും മകനും ചേര്‍ന്നു ക്രൂരമായി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ആക്രമണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഹോട്ടല്‍ ഉടമ മധു സാഹുവിനെ പോലിസ് അറസ്റ്റ് ചെയ്തു.

Update: 2021-09-12 16:18 GMT

ഭുവനേശ്വര്‍: ഊണിന്റെ വില പൂര്‍ണമായും നല്‍കാനാവാത്തതിനെതുടര്‍ന്ന് നടുറോഡിലിട്ട് ഹോട്ടലുടമയും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലാണ് സംഭവം. ആക്രമണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഹോട്ടല്‍ ഉടമ മധു സാഹുവിനെ പോലിസ് അറസ്റ്റ് ചെയ്തു.

ഊണ് കഴിച്ച ശേഷം ഹോട്ടലുടമയായ മധു സാഹു ഭക്ഷണത്തിന്റെ വിലയായി ജിതേന്ദ്ര ദേഹുരിയോട് 45 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, ദേഹുരിയുടെ കൈവശം 40 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.

അഞ്ചുരൂപ പിന്നീട് നല്‍കാമെന്ന് ദേഹുരി പറഞ്ഞു. എന്നാല്‍ ഹോട്ടലുടമ ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ക്ഷുഭിതനായ ഹോട്ടലുടമയും മകനും ചേര്‍ന്ന് നടു റോഡിലിട്ട് ദേഹുരിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

'താന്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയിരുന്നു. ഹോട്ടലിന്റെ ഉടമ ഭക്ഷണത്തിന് 45 രൂപ ആവശ്യപ്പെട്ടു. കുറച്ച് ചോര്‍, പയര്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് എങ്ങിനെയാണ് 45 രൂപ ആവുകയെന്ന് ചോദിച്ചു. ഇതോടെ, ഹോട്ടല്‍ ഉടമ തന്നോട് തര്‍ക്കിക്കുകയായിരുന്നു. തന്റെ കൈവശമുള്ളത് 40 രൂപയാണെന്നും അഞ്ചു രൂപ പിന്നീട് നല്‍കാമെന്നും അറിയിച്ചതോടെ ഹോട്ടലുടമ തന്റെ വാക്കു കേള്‍ക്കാതെ മകനോടൊപ്പം നിരവധി പേരുടെ കണ്‍മുമ്പിലിട്ട റോഡില്‍ വച്ച് തന്നെ നിഷ്‌കരുണം മര്‍ദ്ദിച്ചു'-ദേഹുരി മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ഗാസിപൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി ദേഹുരി പറഞ്ഞു. മധു സാഹുവിനെ അറസ്റ്റ് ചെയ്ത് എസ്സി/എസ്ടി നിയമപ്രകാരം പോലിസ് കേസെടുത്തതായി കെന്ദുജര്‍ ജില്ലയിലെ പോലിസ് സൂപ്രണ്ട് മിത്രഭാനു മൊഹാപത്ര പറഞ്ഞു. എന്നാല്‍, സാഹുവിന്റെ പ്രായപൂര്‍ത്തിയാവാത്ത മകനെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

 

Tags:    

Similar News