ഒഡീഷയില്‍ അരിമില്ലിന്റെ മതിലിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2019-06-09 08:34 GMT

ഭുവനേശ്വര്‍: ഒഡീഷയിലെ ധെന്‍കനാല്‍ മേഖലയില്‍ അലാസുവ മാര്‍ക്കറ്റിന് സമീപം അരിമില്ലിന്റെ മതിലിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില അതീവഗുരുതരമെന്നാണ് റിപോര്‍ട്ട്. രാമചന്ദ്രസാഹു, സാന്‍ഗ്രാം സാഹു, അഭിമന്യു ബിസ്വാല്‍ എന്നിവരാണ് മരിച്ചത്.

മരണപ്പെട്ട മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിന് ഇരയായവരെല്ലാം അരിമില്ലിന് പുറത്ത് പച്ചക്കറി വില്‍പ്പന നടത്തിവരുന്നവരാണ്. മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലിസ് അറിയിച്ചു. അപകടം നടന്നയുടന്‍തന്നെ ഒഡീഷ ഡിസാസ്റ്റര്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാട്ടുകാരുടെ സഹായത്തോടെ മതിലിന്റെ അവശിഷ്ടങ്ങള്‍ മാറ്റിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.  

Tags: