അസം ദേശീയ പൗരത്വ പട്ടിക: പുറത്തായവരില്‍ ഭൂരിഭാഗവും ബംഗാളി ഹിന്ദുക്കള്‍, കോടതിയെ സമീപിക്കുമെന്ന് ബിജെപി
മുസ്‌ലിംകളെ ലക്ഷ്യമിട്ട് കൊണ്ടുവന്ന എന്‍ആര്‍സിയില്‍നിന്നു പുറത്തായവരില്‍ ഏറെയും ബംഗാളി ഹിന്ദുക്കളായതാണ് ബിജെപിയെ വെട്ടിലാക്കിയത്.
ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും അതു സംബന്ധിച്ച് വന്‍ പ്രചാരണം നടത്തുകയും ചെയ്ത ബിജെപി അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമ പട്ടിക പുറത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ്. മുസ്‌ലിംകളെ ലക്ഷ്യമിട്ട് കൊണ്ടുവന്ന എന്‍ആര്‍സിയില്‍നിന്നു പുറത്തായവരില്‍ ഏറെയും ബംഗാളി ഹിന്ദുക്കളായതാണ് ബിജെപിയെ വെട്ടിലാക്കിയത്.
പുറത്തായ ബംഗാളി ഹിന്ദുക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രിം കോടതിയെ സമീപിക്കാനും നിയമസഭയില്‍ നിയമനിര്‍മ്മാണം നടത്താനുമാണ് ബിജെപിയും അസം സര്‍ക്കാരും ഇപ്പോള്‍ ആലോചിക്കുന്നത്. അസമിനെ മറ്റൊരു കശ്മീര്‍ ആക്കാന്‍ അനുവദിക്കില്ലെന്നും അവസാന വിദേശിയെയും പുറത്താക്കുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
അതേസമയം, പട്ടികയില്‍ പേരില്ലാത്തതിനാല്‍ ആര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കില്ലെന്നും ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നുമാണ് ആഭ്യന്തര മന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തത്. പട്ടികയില്‍നിന്നു പുറത്തായ ബംഗ്ലദേശ് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള 20 ശതമാനം പേരെങ്കിലും പുനപ്പരിശോധന ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം ബിജെപി അദ്ധ്യക്ഷന്‍ രജീത് കുമാര്‍ ദാസ് പറഞ്ഞു. യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാര്‍ പുറത്തായതായി അസം ധനമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയും പറഞ്ഞിരുന്നു.പുറത്തായവരില്‍ 25 ശതമാനം പേരേ അപ്പീലിലൂടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളൂവെന്നാണു ബിജെപി വിലയിരുത്തല്‍. പുറത്തായവരെ ഉള്‍പ്പെടുത്താന്‍ നിയമസഭ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കിയിരുന്നു.
