ആക്രമണമല്ല, ഉവൈസിക്കുള്ള താക്കീത്: ഹിന്ദുസേന നേതാവ്

സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വെടിവയ്പിന് പരസ്യ പിന്തുണ നല്‍കി ഹിന്ദുത്വ നേതാവ് രംഗത്തുവന്നത്.

Update: 2022-02-04 15:54 GMT

ലഖ്‌നൗ: എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയുടെ കാറിനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്ക് നിയമസഹായം നല്‍കുമെന്ന് ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്ത. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വെടിവയ്പിന് പരസ്യ പിന്തുണ നല്‍കി ഹിന്ദുത്വ നേതാവ് രംഗത്തുവന്നത്.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഉവൈസി സഞ്ചരിച്ച കാറിനു നേരെ ഇന്നലെ വെടിവയ്പുണ്ടായത്. സംഭവത്തില്‍ സച്ചിന്‍, ശുഭം എന്നീ രണ്ടു തീവ്ര ഹിന്ദുത്വവാദികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

'ഇത് ഒരു ആക്രമണമല്ല, മറിച്ച് ഇതൊരു മുന്നറിയിപ്പാണ്. ആക്രമണമായിരുന്നെങ്കില്‍ കാറിന്റെ ചില്ലിലൂടെ വെടിയുണ്ടകള്‍ പോകുമായിരുന്നു' അക്രമി സംഘത്തിന്റെ വെടിവയ്പിനെ ന്യായീകരിച്ച് ഗുപ്ത പറഞ്ഞു.

'യുവാക്കള്‍ (സച്ചിനും ശുഭമും) ഉവൈസിക്ക് മുന്നറിയിപ്പ് നല്‍കാനാണ് ആഗ്രഹിച്ചതെന്നും മറിച്ച് ഉപദ്രവിക്കാനായിരുന്നില്ലെന്നും വിഷ്ണു ഗുപ്ത അവകാശപ്പെട്ടു.

എഐഎംഐഎം മേധാവി നടത്തിയ വൈര്യംനിറഞ്ഞ പ്രസംഗങ്ങളുടെ ഫലമാണ് ആക്രമണമെന്ന് ഗുപ്ത അവകാശപ്പെട്ടു. പ്രസംഗങ്ങളെ ആഗ് ഉഗല്‍ന (തീയും വിദ്വേഷവും തുപ്പുന്ന) പ്രവൃത്തിയായി വിശേഷിപ്പിച്ച അദ്ദേഹം ഹിന്ദു സേന രണ്ട് പേര്‍ക്ക് നിയമസഹായം നല്‍കുമെന്നും അറിയിച്ചു.

ഉവൈസിയുടെ വസതി (ഡല്‍ഹിയില്‍) മുമ്പ് ഹിന്ദുസേന ആക്രമിച്ചിട്ടുണ്ടെന്നും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് അദ്ദേഹം നന്നായി മനസ്സിലാക്കേണ്ടതുണ്ടെന്നും ഗുപ്ത പറഞ്ഞു. ഉവൈസി ജനങ്ങളുടെ വികാരം മാനിക്കേണ്ടതുണ്ട്. കോപത്തില്‍ നമുക്ക് പലതും ചെയ്യാന്‍ കഴിയും, പക്ഷേ അത് എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയാം. അക്രമത്തിലോ കൊലപാതകത്തിലോ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് കാരണമായേക്കാവുന്ന 'അക്രമ പ്രസംഗങ്ങള്‍' നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഉവൈസിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഗുപ്ത തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Tags: