ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; ജംഷഡ്പൂരില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് എഐഎംഎസ്ഡബ്ല്യുഎഫിന്റെ പ്രതിനിധി സംഘം തിങ്കളാഴ്ച ജംഷഡ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഉറപ്പുനല്‍കിയതായി മുന്നണി പ്രസിഡന്റ് ബാബര്‍ ഖാന്‍ പറഞ്ഞു.

Update: 2022-06-20 18:30 GMT

പ്രതീകാത്മക ചിത്രം

ജംഷഡ്പൂര്‍: ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത ജംഷഡ്പൂരിലെ വനിതാ കോളജ് നടപടി വിവാദത്തില്‍. ഹിജാബ് അഴിക്കാന്‍ കോളജ് അധ്യാപകര്‍ ആവശ്യപ്പെട്ടതോടെ ഒരു മണിക്കൂറോളം പ്രതിഷേധമുണ്ടായി. ഓള്‍ ഇന്ത്യ മൈനോറിറ്റി സോഷ്യല്‍ വെല്‍ഫെയര്‍ ഫ്രണ്ട് (എഐഎംഎസ്ഡബ്ല്യുഎഫ്) വിഷയത്തില്‍ ഇടപെടുകയും ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു.

വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് എഐഎംഎസ്ഡബ്ല്യുഎഫിന്റെ പ്രതിനിധി സംഘം തിങ്കളാഴ്ച ജംഷഡ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഉറപ്പുനല്‍കിയതായി മുന്നണി പ്രസിഡന്റ് ബാബര്‍ ഖാന്‍ പറഞ്ഞു.

ജൂണ്‍ 18നാണ് സംഭവം. ജാര്‍ഖണ്ഡ് അക്കാദമിക് കൗണ്‍സില്‍ നടത്തുന്ന 12ാം ക്ലാസ് പരീക്ഷയ്ക്ക് വനിതാ കോളജില്‍ പരീക്ഷാകേന്ദ്രം സജ്ജീകരിച്ചിരുന്നു. ജംഷഡ്പൂരിലെ കരിം സിറ്റി കോളജിലെ ചില മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ഇവിടെ പരീക്ഷ എഴുതാന്‍ എത്തിയിരുന്നു.

കേന്ദ്രത്തില്‍ ഇന്‍വിജിലേറ്റര്‍മാരായ നിയോഗിച്ച അധ്യാപകര്‍ വിദ്യാര്‍ഥിനികളോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അരമണിക്കൂറോളം തങ്ങളെ പരീക്ഷയെഴുതുന്നതില്‍ നിന്ന് തടഞ്ഞതായി പെണ്‍കുട്ടികള്‍ പറഞ്ഞു. അടുത്ത ദിവസം മുതല്‍ ഹിജാബ് അഴിച്ചുവെച്ച് പരീക്ഷാ കേന്ദ്രത്തിലെത്താന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് പരീക്ഷാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അവകാശപ്പെട്ടായിരുന്നു കോളജ് അധികൃതര്‍ ഈ ആവശ്യമുയര്‍ത്തിയത്.

ഹിജാബ് ധരിച്ച് പരീക്ഷ എഴുതുന്നതില്‍ ഉറച്ചുനിന്ന ഫര്‍ഹീന്‍ യാസ്മീന്‍ എന്ന വിദ്യാര്‍ത്ഥി ന്യൂനപക്ഷ സംഘടനയില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ചയും വിവാദം വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും ഭാരത് ബന്ദിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവച്ചതിനാല്‍

വിവാദമൊഴിവായി.

ജാര്‍ഖണ്ഡില്‍ കര്‍ണാടക മോഡലില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബാബര്‍ ഖാന്‍ ആരോപിച്ചു. 'ഹിജാബ് മുസ്ലീം സ്ത്രീകളുടെ അവകാശമാണ്, അത് തടയാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിനെതിരെ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഒരു നടപടിയും ഇല്ലെങ്കില്‍, പ്രക്ഷോഭത്തിന്റെ പാത സ്വീകരിക്കും'- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News